കേരളത്തില്‍ എലിപ്പനി വ്യാപകം; 12 ദിവസത്തിനിടെ 179 രോഗികള്‍; മരണം എട്ട്

സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധന ആശങ്കയാകുന്നു. സെപ്റ്റംബര്‍ മാസത്തിലെ ആദ്യ പന്ത്രണ്ട് ദിവസത്തിനിടെ 179 പേര്‍ക്കാണ് എലിപ്പനി ബാധിച്ചത്. 154 പേര്‍ രോഗം സംശയിച്ച് ചികിത്സയിലുമുണ്ട്. 8 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഈ വര്‍ഷം ഇതുവരെ 2996 പേര്‍ക്കാണ് എലിപ്പനി ബാധിച്ചത്. 184 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം. കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം.

പകര്‍ച്ചപനി ബാധിക്കുന്നവരുടെ എണ്ണവും വലിയ രീതിയില്‍ വര്‍ദ്ധിക്കുകയാണ്. പ്രതിദിനം സര്‍ക്കാര്‍ ആശുപത്രികളിലെ ഒപികളില്‍ പനിക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. ഡെങ്കു, ഹെപ്പറ്റൈറ്റിസ് എ, മലേറിയ, എച്ച്1 എന്‍1 തുടങ്ങിയ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആരോഗ്യവകുപ്പ് ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളനുസരിച്ച് സെപ്റ്റംബര്‍ 12വരെ ഒരു ലക്ഷത്തിന് അടുത്താണ് പകര്‍ച്ചപനി ബാധിതരുടെ എണ്ണം. 99291 പേര്‍ക്ക് പനി സ്ഥിരീകരിച്ചപ്പോള്‍ 376 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്.

ഹെപ്പറ്റൈറ്റിസ് എ 306, ചിക്കന്‍പോക്‌സ് 794, മുണ്ടിനീര് 3947, ചിക്കന്‍ഗുനിയ 8, എച്ച്1എന്‍1 9 എന്നിങ്ങനെയാണ് ഔദ്യോഗിക കണക്കിലെ ഈ മാസത്തെ പകര്‍ച്ചവ്യാധി ബാധിതരുടെ എണ്ണം. സര്‍ക്കാര്‍ ആശുപത്രിയില്‍ ചിക്ത തേടിയവരുടെ എണ്ണം മാത്രമാണിത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top