‘ലൗവ് ജിഹാദിന്’ ജീവപര്യന്തം നൽകാൻ നിയമം കൊണ്ടുവരും; ‘ലാൻഡ് ജിഹാദ്’ ഗുരുതര പ്രശ്നമെന്നും ഹിമന്ത ബിശ്വ ശർമ
‘’ലൗ ജിഹാദുമായി’ ബന്ധപ്പെട്ട കേസുകളിൽ ജീവപര്യന്തം ശിക്ഷ ഉറപ്പുവരുത്തുന്ന നിയമം കൊണ്ടുവരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനമാണിതെന്നും ഉടൻ നടപ്പാക്കാൻ ശ്രമിക്കും. അസമിലെ അന്യസംസ്ഥാനക്കാരുടെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സർക്കാർ തയ്യാറാണെന്നും ബിജെപി യോഗത്തിൽ ശർമ പറഞ്ഞു. ഈ കയ്യേറ്റങ്ങളെ ‘ലാൻഡ് ജിഹാദ്’ എന്നാണ് അസം മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. സംസ്ഥാനത്തിൻ്റെ ജനസംഖ്യാശാസ്ത്രത്തെ ഇത് ഗുരുതരമായി ബാധിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ജനിച്ച വ്യക്തിക്ക് മാത്രം സർക്കാർ ജോലി ലഭിക്കുന്നതിനുള്ള നിർബന്ധിത യോഗ്യതാ മാനദണ്ഡം ആവിഷ്ക്കരിക്കും. തിരഞ്ഞെടുപ്പിന് മുമ്പ് നൽകിയ വാഗ്ദാന പ്രകാരം ഒരു ലക്ഷം തസ്തികകളിൽ സ്വദേശികൾക്ക് മുൻഗണന നൽകിയിട്ടുണ്ടെന്നും യോഗത്തിൽ ശർമ പറഞ്ഞു.
ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ കഴിഞ്ഞ മാസം അസം മുസ്ലീം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമവും 1935 ലെ ചട്ടങ്ങളും റദ്ദാക്കാൻ നീക്കം നടത്തിയിരുന്നു. 2041ൽ സംസ്ഥാനം മുസ്ലിം ഭൂരിപക്ഷമായി മാറുമെന്ന് അടുത്തിടെ നടത്തിയ പ്രസ്താവന വിവാദങ്ങളുണ്ടാക്കി. ഓരോ പത്ത് വർഷത്തിലും മുസ്ലിം ജനസംഖ്യയിൽ 30 ശതമാനം വർധനവുണ്ടാകുന്നു. ഹിന്ദു ജനസംഖ്യ 16 ശതമാനം മാത്രമാണ് വർധിക്കുന്നതെന്നും ഹിമന്ത ശർമ്മ അവകാശപ്പെട്ടിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here