റോബിൻ ബസിനെ സിനിമയിലെടുക്കാൻ ഒരുങ്ങി ഷാജി കൈലാസ്; നടത്തിപ്പുകാരൻ ഗിരീഷിന്റെ ജീവിതം വെള്ളിത്തിരയിൽ എത്തുന്നു

തിരുവനന്തപുരം: സർക്കാരിനോടും എംവിഡിയോടും നിരന്തരം പൊരുതി വാർത്തകളിൽ നിറഞ്ഞ റോബിൻ ബസിന്റെയും നടത്തിപ്പുകാരൻ ഗിരീഷിന്റെയും കഥ സിനിമയാകുന്നു. കഴിഞ്ഞ ഒരു വർഷമായി സജീവ ചർച്ചയിലിരിക്കുന്ന സംഭവം വെള്ളിത്തിരയിൽ എത്തിക്കാൻ ഒരുങ്ങുന്നത് സംവിധായകൻ ഷാജി കൈലാസാണ്. ചട്ടലംഘനം ആരോപിച്ച് മോട്ടോർ വാഹന വകുപ്പ് പലതവണ കസ്റ്റഡിൽ എടുക്കുകയും കോടതി ഇടപെടലിൽ വിട്ടയക്കുകയും ചെയ്ത ബസിന്റെ കഥ കേരളത്തിലെന്നല്ല സമീപ സംസ്ഥാനങ്ങളിലെല്ലാം വാർത്തയായിരുന്നു. വിവിധ കേസുകളിൽപ്പെടുത്തി ബസിനെ പിടികൂടുകയും കോടതി ഇടപെടലിൽ വിട്ടയക്കുകയും ചെയ്തതിനു പിന്നാലെ തൊട്ടടുത്ത ട്രിപ്പിന് മുൻപായി കാത്തുനിന്ന് പോലീസ് പിടികൂടിയതും പൊതുജനങ്ങൾക്കിടയിൽ വൻ രോഷമാണ് വകുപ്പിനെതിരെ ഉയർത്തിയത്. ഇതെല്ലാം വിഷയത്തിന് വൻ സ്വീകാര്യത ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് സിനിമയാക്കാനുള്ള നീക്കം.
സിനിമയെക്കുറിച്ചുള്ള ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെന്നും കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരുമെന്നും ഗിരീഷ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ഇക്കഴിഞ്ഞ നവംബറിലും കേരള മോട്ടോർ വാഹന വകുപ്പ് റോബിൻ ബസ് കസ്റ്റഡിയിലെടുത്തിരുന്നു. നിയമലംഘനത്തിന് 82,000 രൂപ പിഴയും അടിച്ചു. ഒരു മാസത്തിന് ശേഷം കോടതി ഉത്തരവ് പ്രകാരം പിഴ അടച്ച് സർവീസ് ആരംഭിച്ച ബസ് വീണ്ടും എംവിഡി പലവട്ടം തടഞ്ഞതും വിവാദമായിരുന്നു. റോബിൻ ബസിനെ നിരന്തരം വേട്ടയാടുന്നെന്ന് ആരോപിച്ച് നാട്ടുകാരും ഗിരീഷിനൊപ്പം കൂടിയതോടെയാണ് ചർച്ചകൾ ചൂടുപിടിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here