ജീവനെടുക്കുന്ന ‘ലൈഫ്’; പണി പൂർത്തിയാകാതെ ഒന്നേകാൽ ലക്ഷം വീടുകൾ
തിരുവനന്തപുരം: ” ജീവിതത്തിൽ പരാജയപ്പെട്ടവന് ജീവിക്കാൻ അർഹതയില്ല അത്കൊണ്ട് ഞാൻ പോകുന്നു” ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിന്റെ പണി പൂർത്തിയാക്കാൻ സർക്കാരിൽ നിന്ന് പണം ലഭിക്കാത്തതിനെ തുടർന്ന് ഇക്കഴിഞ്ഞ ദിവസം പത്തനംതിട്ട ഓമല്ലൂരിൽ ആത്മഹത്യ ചെയ്ത 73 കാരനായ ഗോപി എന്ന ലോട്ടറി കച്ചവടക്കാരന്റെ ആത്മഹത്യാക്കുറിപ്പാണിത്. സർക്കാരിന്റെ സ്വപ്ന പദ്ധതി എന്നറിയപ്പെടുന്ന ലൈഫ് പദ്ധതിയിൽ പണമില്ലാത്തത് കൊണ്ട് 1.25 ലക്ഷം വീടുകളുടെ പണി മുടങ്ങിക്കിടക്കുകയാണ്.
സംസഥാനത്തുടനീളം അസ്ഥികൂടം കണക്കെ പണി തുടങ്ങിയതും പാതി വഴിയിലായതുമായ 1.25 ലക്ഷം വീടുകൾക്കുള്ള തുക സാമ്പത്തിക പ്രതിസന്ധി മൂലം നൽകാൻ കഴിയാത്ത അവസ്ഥയാണ്. ജനറൽ വിഭാഗത്തിന് നാല് ലക്ഷം രൂപയും എസ് സി – എസ് ടി വിഭാഗത്തിന് ആറ് ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. മൂന്ന് ഗഡുക്കളായാണ് തുക നൽകുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്ക് തനത് ഫണ്ട് ഇല്ലാത്തതും സർക്കാർ വിഹിതം കൃത്യമായി ലഭിക്കാത്തതുമാണ് നിർമാണങ്ങൾ ഇഴഞ്ഞു നീങ്ങാൻ കാരണം.
ജീവനൊടുക്കിയ ഗോപി ഉൾപ്പെടുന്ന ഓമല്ലൂർ പഞ്ചായത്തിൽ മാത്രം 35 വീടുകളുടെ പണി പൂർത്തിയാക്കാനുണ്ട്. മിക്ക പഞ്ചായത്തുകളുടെയും സ്ഥിതി ഇതാണ്. പത്തനംതിട്ട ജില്ലയിലെ തന്നെ ഏനാത്ത് പഞ്ചായത്തിൽ 2020 സെപ്റ്റംബറിൽ മുഖ്യമന്ത്രി നിർമാണ ഉദ്‌ഘാടനം നിർവഹിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ പണി ഇഴഞ്ഞു നീങ്ങുകയാണ്. കരാർ പ്രകാരം ആറു മാസം കൊണ്ട് പണി പൂർത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. തൊട്ടടുത്ത പന്തളം- ചേരിക്കലിലെ ഫ്‌ളാറ്റുകളുടെ നിർമാണവും അഞ്ചു വർഷമായി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. 44 ഗുണഭോക്താക്കൾക്ക് വേണ്ടിയാണ് ഈ സമുച്ചയം നിർമിക്കുന്നത്. മറ്റു ജില്ലകളിലും സമാനമായ സ്ഥിതിയാണ് നിലവിലുള്ളത്.
ലൈഫ് പദ്ധതി പ്രകാരം 2017 മുതൽ 3,56,108 വീടുകളാണ് ഇതുവരെ ഗുണഭോക്താക്കൾക്ക് നൽകിയത്. ഇനിയും വീട് ലഭിക്കാത്ത ഏഴ് ലക്ഷത്തോളം പേർ അപേക്ഷ നൽകി കാത്തിരിക്കുകയാണ്. 2021-22 സാമ്പത്തിക വർഷം മുതൽ ഒരോ വർഷവും ഒരു ലക്ഷം വീതം എന്ന കണക്കിൽ വീടുകൾ നിർമിക്കണമെന്നതായിരുന്നു സർക്കാരിന്റെ ലക്‌ഷ്യം. പക്ഷെ ആ ലക്‌ഷ്യം പൂർത്തീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. നിർമാണ സാമഗ്രികളുടെ വില ക്രമാതീതമായി വർധിച്ചതുകൊണ്ട് സർക്കാർ അനുവദിക്കുന്ന തുകയ്ക്ക് പണി പൂർത്തിയാക്കാനാകുമോയെന്ന ആശങ്കയും ഗുണഭോക്താക്കൾക്കുണ്ട്. അതിനിടയിൽ ലൈഫ് മിഷനെതിരെ ഉയർന്ന കോടികളുടെ അഴിമതി ആരോപണവും പദ്ധതി നടത്തിപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്.