സഞ്ജു ടെക്കിയുടെ ലൈസന്‍സ് ആജീവനാന്ത കാലത്തേക്ക് റദ്ദാക്കി; എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നടപടി നിരന്തര നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന്

കാറിനുള്ളില്‍ സിമ്മിംഗ് പൂള്‍ ഒരുക്കി റോഡിലൂടെ യാത്ര ചെയ്ത യുട്യൂബര്‍ സഞ്ജു ടെക്കിയുടെ ലൈസന്‍സ് ആജീവനാന്തകാലത്തേക്ക് റദ്ദാക്കി. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടേതാണ് നടപടി. നിരന്തരം നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നത്. പരിശോധനയുടെ ഭാഗമായി സഞ്ജു ടെക്കിയുടെ പഴയ വീഡിയോകള്‍ ഉള്‍പ്പെടെ പരിശോധിച്ചു. കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതിയും നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെയാണ് ആജീവനാന്തം വണ്ടി ഓടിക്കേണ്ടെന്ന തീരുമാനം ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ സ്വീകരിച്ചിരിക്കുന്നത്. തീരുമാനത്തിനെതിരെ സഞ്ജുവിന് അപ്പീല്‍ പോകാന്‍ അവസരമുണ്ട്.

സിമ്മിംഗ് പൂള്‍ ഒരുക്കിയത് നിയമത്തെക്കുറിച്ച് അറിവില്ലാത്തതു കൊണ്ടാണെന്നാണ് സഞ്ജു നല്‍കിയ വിശദീകരണം. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്ന് യാതൊരു ഇളവും വേണ്ടെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. സിമ്മിംഗ് പൂള്‍ നിര്‍മ്മിച്ച വാഹനത്തിന്റെ രജിസ്‌ട്രേഷനും റദ്ദാക്കിയിട്ടുണ്ട്.

നിയമലംഘനത്തിനുള്ള ശിക്ഷാ നടപടിയുടെ ഭാഗമായി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സാമൂഹിക സേവനം നടത്തുകയാണ് സഞ്ജു. നിയമ നടപടിക്ക് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പിനേയും മാധ്യമങ്ങളേയും പരിഹസിച്ച് സഞ്ജു മറ്റൊരു വീഡിയോ കൂടി പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് ഹൈക്കോടതി നിലപാട് കടുപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top