‘വാലിബൻ’ സ്വീകരിച്ചില്ലെങ്കിൽ രണ്ടാം ഭാഗമില്ല; റിലീസിനു പിന്നാലെ ലിജോ ജോസ്
വലിയ ഹൈപ്പോടെ തിയറ്ററില്‍ എത്തിയ ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ‘മലൈക്കോട്ടൈ വാലിബന്‍’. എന്നാല്‍ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകും എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ചിത്രം സ്വീകരിക്കപ്പെടുന്നില്ല എങ്കില്‍ പ്രീക്വലും സീക്വലും ഉണ്ടാകില്ലെന്ന് ഇന്ന് കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംവിധായകന്‍ പറഞ്ഞു.
തന്നെ വിശ്വസിക്കുന്നവര്‍ സിനിമ കണ്ട് വിലയിരുത്തണമെന്നു ലിജോ പറഞ്ഞു. സിനിമക്കെതിരെ വിദ്വേഷ പ്രചരണം നടക്കുന്നുവെന്നും ലിജോ ജോസ് ആരോപിച്ചു.
“സിനിമ തുടങ്ങുന്നത് മുതല്‍ അവസാനം വരെ ഒരേ വേഗതയില്‍ പോകുന്ന സിനിമയല്ല വാലിബന്‍. അത് ലാലേട്ടനും ഒരുപാട് സ്ഥലത്ത് പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ആ സിനിമ അങ്ങനെ തന്നെയാണ്. കൊറോണയെല്ലാം കടന്ന് വന്ന ആളുകളാണ് നമ്മള്‍. കേരളത്തെ സംബന്ധിച്ച് മഹാ പ്രളയത്തെയും അതിജീവിച്ചതാണ്. അതിന് ശേഷം കൊറോണ. എന്നിട്ടും എന്തിനാണ് തമ്മില്‍ തമ്മില്‍ ഇത്രയും വിദ്വേഷം വയ്ക്കുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല.”
പത്തു സിനിമകള്‍ മാത്രം സംവിധാനം ചെയ്തതിന്‌റെ പരിചയമേ തനിക്കുള്ളൂവെന്നും ആ അനുഭവങ്ങളില്‍ നിന്ന് ഉണ്ടാക്കിയെടുത്ത സിനിമയാണ് വാലിബന്‍ എന്നും ലിജോ ജോസ് പറഞ്ഞു.
‘ഇനി അടുത്തതിലേക്ക് പോകുമ്പോള്‍ ഈ ചിത്രത്തില്‍ നിന്നുള്ള അനുഭവം കൂടി കൂട്ടിച്ചേര്‍ക്കും. ഞങ്ങള്‍ അത്രയും കഷ്ടപ്പെട്ടിട്ടാണ് ഈ സിനിമ ഷൂട്ട് ചെയ്തിട്ടുള്ളത്. അതൊരിക്കലും മലയാളികള്‍ക്ക് ഒരു മോശം സിനിമ സമ്മാനിക്കാന്‍ വേണ്ടിയിട്ടല്ല. അത് തിയേറ്ററില്‍ നിന്ന് കാണണമെന്ന് വളരെ ശക്തമായി തന്നെ ഞാന്‍ പറയുന്നു.’
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here