റെയ്ഡ് ഭയന്ന് കോടികൾ മുടക്കി വമ്പന്മാർ; ഇലക്ടറല്‍ ബോണ്ടും കേന്ദ്ര ഏജന്‍സികളുമായുള്ള ബന്ധം ചര്‍ച്ചയാകുന്നു, ഉത്തരംമുട്ടി ബിജെപി
ഡൽഹി: ഇലക്ടറൽ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചതോടെയാണ് കാശുമുടക്കിയ വമ്പന്മാരുടെ വിവരങ്ങൾ പുറത്തുവന്നത്. ഇതിനുപിന്നാലെ മറ്റൊരു വിവരം കൂടി തെളിഞ്ഞു. ബോണ്ട് വാങ്ങിയ കമ്പനികളിൽ പകുതിയോളം പേരും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉള്‍പ്പടെയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിട്ടവരാണ്.
2019 ഏപ്രിൽ മുതൽ 2024 ജനുവരി വരെ വാങ്ങിയ ബോണ്ടുകളുടെ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ ബോണ്ട് ലഭിച്ചത് ബിജെപിയ്ക്കാണ്, 6060 കോടി രൂപ. രണ്ടാം സ്ഥാനത്ത് 1609 കോടിയുടെ ബോണ്ട് ലഭിച്ച തൃണമൂൽ കോൺഗ്രസും 1421 കോടി ലഭിച്ച കോൺഗ്രസ് മൂന്നാം സ്ഥാനത്തുമാണ്. ഇനി ബോണ്ട് വാങ്ങിയവരുടെ പട്ടിക നോക്കിയാൽ 1368 കോടി രൂപയുടെ ബോണ്ട് വാങ്ങിയ സാന്റിയാഗോ മാർട്ടിന്റെ ഫ്യുച്ചർ ഗെയിമിംഗ് കമ്പനിയാണ് മുന്നിൽ. ഫ്യൂച്ചര്‍ ഗെയിമിങ് കമ്പനിക്കെതിരെ 2019 ല്‍ കള്ളപ്പണം വെളുപ്പിക്കലിന് ഇഡി കേസെടുത്തിരുന്നു. കേസെടുത്തതിന്റെ ഭാഗമായി 2019ല്‍ കമ്പനിയുടെ 250 കോടി രൂപയുടെ സ്വത്തുക്കളും 2022 ഏപ്രിലില്‍ 409 കോടി രൂപയുടെ സ്വത്തുക്കളും എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ കണ്ടുകെട്ടി. 2020 മുതൽ 2023 വരെ തുടർച്ചയായി സാന്റിയാഗോ മാർട്ടിൻ ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ ബോണ്ട് വാങ്ങിയ രണ്ടാമത്തെ കമ്പനി മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡാണ്. 966 കോടി രൂപ മൂല്യമുള്ള ബോണ്ടുകൾ മേഘ വാങ്ങിയിട്ടുണ്ട്. വ്യവസായിയായ കൃഷ്ണ റെഡ്‌ഡിയുടെ ഈ കമ്പനിക്കെതിരെ 2019ൽ ഇഡി അന്വേഷണം നടന്നിരുന്നു. അതിനുശേഷമാണ് ബോണ്ടുകൾ വാങ്ങിയിരിക്കുന്നത്. മേഘയുമായി ബന്ധമുള്ള വെസ്റ്റേൺ യുപി പവർ ട്രാൻസ്മിഷൻ കമ്പനി, എസ്ഇപിസി പവർ, എവി ട്രാൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരും 1200 കോടിയോളം രൂപ വിലവരുന്ന ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്. മേഘ കമ്പനിക്കാണ് താനെ-ബോറിവാലി ഇരട്ട തുരങ്ക നിർമാണ കരാർ കിട്ടിയതെന്നതും ശ്രദ്ധേയമാണ്.
400 കോടി രൂപയുടെ ബോണ്ട് വാങ്ങിയ വേദാന്ത ലിമിറ്റഡ് 2018 മുതൽ വിസ കൈക്കൂലി കേസിൽ അന്വേഷണം നേരിടുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് 2022ൽ വേദാന്തയ്‌ക്കെതിരെ ഇഡി കേസ് എടുത്തിരുന്നു. കൂടാതെ ചൈനീസ് പൗരന്മാർക്ക് അനധികൃതമായി വിസ നൽകാമെന്ന ഉറപ്പിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരം വേദാന്തയിൽ നിന്ന് 50 ലക്ഷം വാങ്ങിയെന്നും ആരോപണമുണ്ട്. ഇതിൽ കാർത്തിയ്‌ക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഔർബിന്ദോ ഫാർമാ, ഷിർദി സായ് ഇലക്ട്രിക്കൽസ്, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ തുടങ്ങി ഇലക്ടറൽ ബോണ്ട് വാങ്ങിയ 14ഓളം കമ്പനികളാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് വിധേയരായത്. അന്വേഷണത്തിന് പിന്നാലെയാണ് ഇവരെല്ലാം ബോണ്ട് വാങ്ങിയത്. ഇതാണ് കേന്ദ്ര സർക്കാരിനെയും ഏജൻസികളെയും സംശയത്തിന്റെ നിഴലിലാക്കുന്നത്. ഇഡിയുടെ അന്വേഷണവും ഇലക്ടറൽ ബോണ്ടുമായി ഒരു ബന്ധവുമില്ലെന്നാണ് ഇന്നലെ ധനമന്ത്രി നിർമല സിതാരാമൻ പറഞ്ഞത്. പക്ഷേ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇതിനെ ബിജെപിക്കെതിരെ മൂർച്ചയുള്ള ആയുധമായി ഉപയോഗിച്ച് തുടങ്ങിക്കഴിഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here