അരവിന്ദ് കേജ്‌രിവാളിന് നേരെ ‘ദ്രാവക ആക്രമണം’; പ്രതി പിടിയിൽ; പിന്നിൽ ബിജെപിയെന്ന് എഎപി
ഡൽഹിയിലെ ഗ്രേറ്റർ കൈലാഷില്‍ നടന്ന പദയാത്രയ്ക്കിടെ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന് നേരെ ദ്രാവക ആക്രമണം. അശോക് ഝാ എന്നയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. മാളവ്യ നഗറിൽ പദയാത്ര എത്തിയപ്പോഴാണ് ഇയാൾ ഒരു ദ്രാവകം എഎപി ദേശീയ കൺവീനറിൻ്റെ ശരീരത്തിൽ ഒഴിച്ചത്.
സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചു മാറ്റിയ ഝായെ ആംആദ്മി പാർട്ടി പ്രവർത്തകർ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് എഎപി ആരോപിച്ചു. ഡൽഹിയിൽ ക്രമസമാധാനം തകർന്നെന്ന് പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. കേന്ദ്ര സർക്കാരും ആഭ്യന്തര മന്ത്രിയും ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡൽഹിയിലെ ക്രമസമാധാന നില വഷളാകുന്നു എന്നാണ് പാർട്ടി ഔദ്യോഗിക അക്കൗണ്ടിലൂടെ പ്രതികരിച്ചിരിക്കുന്നത്. ഒരു മുൻ മുഖ്യമന്ത്രി രാജ്യതലസ്ഥാനത്ത് സുരക്ഷിതനല്ലെങ്കിൽ, സാധാരണക്കാരൻ്റെ അവസ്ഥയെന്താണ്. കേന്ദ്ര ബിജെപി ഭരണത്തിന് കീഴിൽ ഡൽഹിയെ ക്രമസമാധാന നില പൂർണ്ണമായും തകർന്നുവെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ എഎപി വിമർശിച്ചു.
അതേസമയം അടുത്ത വർഷം നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എഎഎപി നടത്തുന്ന നാടകങ്ങളാണ് ഇവയെന്ന് ബിജെപി തിരിച്ചടിച്ചു. അരവിന്ദ് കേജ്‌രിവാളിൻ്റെ എല്ലാ രാഷ്ട്രീയ തന്ത്രങ്ങളും പരാജയപ്പെട്ട സ്ഥിതിക്ക് പഴയ തന്ത്രത്തിലേക്ക് എഎഎപി മടങ്ങുകയാണെന്നാണ് വിമർശനം. അതിൻ്റെ ഭാഗമായി എഎഎപി നേതാവിനെ ആക്രമിക്കാൻ ശ്രമിച്ചെന്നും മഷി എറിഞ്ഞെന്നുമൊക്കെ വരുത്തിതീർക്കുകയാണ്. രാഷ്ട്രീയ ആശയ പ്രചാരണങ്ങളിൽ ബിജെപി ഒരിക്കലും ഭീഷണിയുടെയോ അക്രമത്തിൻ്റെയോ പാത സ്വീകരിച്ചിട്ടിലെന്ന് ഡൽഹി ബിജെപി വക്താവ് പ്രവീൺ ശങ്കർ കപൂർ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here