മദ്യവും ലോട്ടറിയും സാധാരണക്കാരെ ചൂഷണം ചെയ്യാൻ ഉപയോഗിക്കുന്നു; സുപ്രീംകോടതിയുടേത് വിധിയല്ല : ഗവർണർ
തിരുവനന്തപുരം: സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർമാർ നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവെക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടേത് നിരീക്ഷണമാണ്. വിധിയല്ലാത്തതിനാൽ പ്രതികരിക്കാനില്ലെന്നും ഗവർണർ പറഞ്ഞു.
തൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ബില്ലുകളിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഒപ്പിടാനുള്ള 16 ബില്ലുകളും രണ്ട് ഓർഡിനൻസുകളും കോടതിയുടെ തീരുമാനമറിഞ്ഞശേഷം പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ബില്ലുമായി സംബന്ധിക്കുന്ന വിഷയങ്ങളിൽ സർക്കാരിൽനിന്നുള്ള വ്യക്തത തനിക്ക് വേണം. ജുഡിഷ്യറിയ്ക്ക് വിധേയമായല്ലേ ബില്ലുകൾ കൊണ്ട് വരേണ്ടതെന്നും ഗവർണർ ചോദിച്ചു. മുഖ്യമന്ത്രി അയച്ച കത്ത് പിൻവലിക്കുകയോ നേരിട്ട് എത്തുകയോ ചെയ്യണമെന്നും ഗവർണർ വ്യക്തമാക്കി.
അധികാര പരിധി കടന്ന് സർക്കാർ ഗവർണറെ ഇരുട്ടിൽ നിർത്തുകയാണ്. ലോട്ടറിയിലൂടെയും മദ്യത്തിലൂടെയും മാത്രമാണ് സർക്കാരിന് വരുമാനം. ഇവയിലൂടെ സർക്കാർ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ്. ഇത് നാണക്കേടാണെന്നും ഗവർണർ സർക്കാനെതിരെ ആഞ്ഞടിച്ചു.
കഴിഞ്ഞ ദിവസം ഗവർണർമാർ നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാത്തതിനെതിരെ രൂക്ഷ വിമർശനം സുപ്രീം കോടതി നടത്തിയിരുന്നു. ഗവർണർമാർ ജനങ്ങൾ തിരഞ്ഞെടുത്തവരല്ല. ഗവർണർമാർ ആത്മപരിശോധന നടത്തണമെന്നും കോടതി പറഞ്ഞു. നിയമസഭാ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്ത ഗവർണർ ബൻവാരിലാൽ പുരോഹിതിനെതിരെ പഞ്ചാബ് സർക്കാർ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് രൂക്ഷ വിമർശനം നടത്തിത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം ഫയൽ ചെയ്ത ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. തമിഴ്നാട് ഗവർണർക്കെതിരെ സ്റ്റാലിൻ സർക്കാർ ഫയൽ ചെയ്ത ഹർജിയും വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here