ബ്രൂവറി ലൈസന്‍സ് കൊടുത്ത മദ്യകമ്പനിക്കെതിരെ അഴിമതിക്കും കള്ളപ്പണം വെളുപ്പിക്കലിനും കേസ്; ഒയാസിസ് ഗ്രൂപ്പ് സ്ഥിരം വിവാദ സ്ഥാപനം

സംസ്ഥാന സര്‍ക്കാര്‍ കഞ്ചിക്കോട് ബ്രൂവറി ലൈന്‍സ് അനുവദിച്ച ഒയായിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് അഴിമതിക്കും കള്ളപ്പണം വെളുപ്പിക്കലിനും അന്വേഷണം നേരിടുന്ന കമ്പനിയാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ കമ്പനിക്ക് മദ്യ നിര്‍മ്മാണത്തിന് ലൈന്‍സ് നല്‍കാന്‍ തീരുമാനിച്ചത്. പഞ്ചാബ്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ നടന്ന മദ്യ കുംഭകോണങ്ങളില്‍ പ്രതിസ്ഥാനത്ത് ഈ കമ്പനിയും ഉടമകളുമാണ്.

പഞ്ചാബിലെ ശിരോമണി അകാലി ദള്‍ പാര്‍ട്ടിയുടെ നേതാവും ഫരീദ്‌കോട്ടില്‍ നിന്നുള്ള മുന്‍ എംഎല്‍എയുമായ ദീപ് മല്‍ഹോത്രയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഒയാസിസ്. 1987 ദീപ് മല്‍ഹോത്രയുടെ പിതാവായ ഓം പ്രകാശ് മല്‍ഹോത്ര ആരംഭിച്ച ഒയാസിസ് ഗ്രൂപ്പ് രാജ്യത്തെ പ്രമുഖ മദ്യ നിര്‍മ്മാണ കമ്പിനികളിലൊന്നാണ്. ഇദ്ദേഹത്തിന്റെ മകനും ഡയറക്ടറുമായ ഗൗതം മല്‍ഹോത്രയെ ഡല്‍ഹി മദ്യ അഴിമതിയുടേയും കള്ളപ്പണം വെളുപ്പിക്കലിന്റേയും പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി ) അറസ്റ്റ് ചെയ്തിരുന്നു. ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന ഡല്‍ഹിയിലും പഞ്ചാബിലും ഈ കമ്പിനി തട്ടിപ്പും അഴിമതിയും നടത്തിയതിന്റെ പേരില്‍ അന്വേഷണം നേരിടുന്നുണ്ട്.എക്‌സൈസ് നയ അഴിമതിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് 100 കോടി രൂപ ലഭിച്ചതായും ആരോപണമുയര്‍ന്നിരുന്നു.
ഈ കമ്പനിക്കാണ് ടെണ്ടര്‍ പോലും വിളിക്കാതെ സംസ്ഥാന സര്‍ക്കാര്‍ മദ്യ ഉല്പാദന ലൈസന്‍സ് നല്‍കിയത്.

ഇഡി, ഇന്‍കം ടാക്‌സ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ ഒയാസിസ് ഗ്രൂപ്പിന്റെ ഉടമകളുടെ വീടുകളിലും സ്ഥാപനങ്ങളിലും കഴിഞ്ഞ വര്‍ഷം വ്യാപക റെയ്ഡ് നടത്തിയിരുന്നു. നിരവധി സാമ്പത്തിക ക്രമക്കേടുകളാണ് റെയ്ഡില്‍ കണ്ടെത്തിയത്. ഇതിനും പുറമെ ഒയാസിസ് ഗ്രൂപ്പിന്റെ പഞ്ചാബിലെ ഫിറോസ്പൂരിലെ മന്‍സൂര്‍വാല്‍ വില്ലേജിലെ മാല്‍ബ്രോ മദ്യ ഉല്പാദന യൂണിറ്റ് പഞ്ചാബ് സര്‍ക്കാര്‍ പൂട്ടിച്ചിരുന്നു. വ്യവസായിക മാലിന്യങ്ങള്‍ അനധികൃതമായി നിക്ഷേപിച്ച പ്രദേശങ്ങളില്‍ കുടിവെള്ളം മലിനമാക്കിയതിന്റെ പേരിലായിരുന്നു നടപടി. നാല് കിലോമീറ്റര്‍ ചുറ്റളവിലെ കുടിവെള്ളം മലിനപ്പെടുത്തിയതിനെതിരെ ജനങ്ങള്‍ ആറ് മാസം നടത്തിയ സമരത്തിനൊടുവിലാണ് കമ്പിനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.

മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ ഡിസ്റ്റിലറീസും മറ്റ് അനുബന്ധ വ്യവസായ സ്ഥാപനങ്ങളും ഈ ഗ്രൂപ്പിനുണ്ട്. പ്രതിവര്‍ഷം 20 കോടി ലിറ്റര്‍ മദ്യം ഉല്പാദിപ്പിക്കുന്ന രാജ്യത്തെ വമ്പന്‍ കമ്പിനികളിലൊന്നാണ് ഒയാസിസ് ഗ്രൂപ്പ്. ഒയാസിസ് ഗ്രൂപ്പുമായി ചേര്‍ന്ന് 2021- 22 കാലത്ത് നടത്തിയ മദ്യ ഇടപാടിലെ അഴിമതിയുടെ പേരില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവര്‍ ജയിലില്‍ കിടന്നതാണ്.

കുടിവെള്ളം ക്ഷാമം നേരിടുന്ന കഞ്ചിക്കോട് യാതൊരു പാരിസ്ഥിതിക പഠനമോ, അന്വേഷണമോ നടത്താതെയാണ് സര്‍ക്കാര്‍ ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കിയത്. രണ്ട് പതിറ്റാണ്ട് മുമ്പ് കൊക്കകോള കമ്പിനിയുടെ ജലചൂഷണത്തിനെതിരെ സമരം നടത്തി കമ്പിനിയെ നാടുകടത്തിയതും പാലക്കാടാണ്.

പ്രമുഖ മദ്യ ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനി ഒയാസിസിന് ബ്രൂവറി ലൈസന്‍സ് അടക്കം അനുവദിച്ചത് ടെന്‍ഡര്‍ അടക്കം മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നാണ് എക്‌സൈസ് മന്ത്രി എംബി രാജേഷിന്റെ അവകാശവാദം. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച കമ്പനിക്കാണ് ടെന്‍ഡര്‍ നല്‍കിയത്. എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ നിര്‍മാണത്തിനായാണ് അനുമതി. ഇത് സംസ്ഥാനത്തെ മദ്യ നയത്തിന്റെ ഭാഗമാണ്. തൊഴിലവസരങ്ങള്‍ക്കും ഇത് സഹായകമാകും. എല്ലാ വശങ്ങളും പരിശോധിച്ചാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് എക്‌സൈസ് മന്ത്രിയുടെ നിലപാട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top