എല്‍ഡിഎഫ് അംഗീകരിക്കാത്ത മദ്യനയം ക്യാബിനറ്റ് എങ്ങനെ പാസാക്കി; ആര്‍ജെഡിയുടെ ചോദ്യത്തിൽ വെട്ടിലായി സിപിഐയും; മുന്നണിക്കും തലവേദന

മദ്യനയം എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്തിട്ടില്ലെന്ന ആര്‍ജെഡിയുടെ തുറന്ന് പറച്ചില്‍ മുന്നണിയെ ഒന്നടങ്കം വെട്ടിലാക്കിയിരിക്കുകയാണ്. ആര്‍ജെഡി സെക്രട്ടി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജാണ് ഇക്കാര്യം പരസ്യമായി പറഞ്ഞത്. ഇതോടെ എങ്ങും തൊടാതെ വിമര്‍ശനം ഉന്നയിച്ചു പോന്ന സിപിഐയ്ക്കും ഇക്കാര്യം അംഗീകരിക്കേണ്ടി വരും. സിപിഎം ഏകപക്ഷീയമായി സ്വീകരിച്ച മദ്യനയം അംഗീകരിക്കാന്‍ ഘടക കക്ഷികള്‍ ബാധ്യസ്ഥരല്ലെന്ന വ്യക്തമായ സന്ദേശമാണ് ആര്‍ജെഡിയുടേത്.

“ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തില്‍ വരുമ്പോള്‍ മദ്യാസക്തി കുറയ്ക്കും എന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് മദ്യാസക്തി കൂടുന്നു. മദ്യലഭ്യത കുറയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ കൂടുതല്‍ ഉദാരമാക്കുന്ന നീക്കങ്ങളോട് ആര്‍ജെഡിക്ക് യോജിപ്പില്ല. എല്‍ഡി എഫില്‍ ഈ വിഷയം ചര്‍ച്ച ചെയ്തില്ല” വര്‍ഗീസ് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെയാണ്.

2023 ജൂലൈ 26ന് മന്ത്രിസഭ അംഗീകരിച്ചു പുറത്തിറക്കിയ 2023- 24 ലെ മദ്യനയത്തിന്റെ എട്ടാമത്തെ പേജില്‍ മദ്യ നിര്‍മ്മാണത്തിന്ആവശ്യമായ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ (ഇഎന്‍എ), എത്തനോള്‍ എന്നിവ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുകയാണ് നയം ലക്ഷ്യമിടുന്നത്. ഇത് നേടുന്നതിന്, പുതിയ ബ്രൂവറി യൂണിറ്റുകളും ഡിസ്റ്റിലറികളും സ്ഥാപിക്കാന്‍ യോഗ്യതയുള്ള കമ്പനികള്‍ക്ക് അനുമതി നല്‍കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇക്കാര്യം മുഖ്യമന്ത്രി നിയസഭയിലും ആവര്‍ത്തിച്ചിരുന്നു.

ഇത്തരമൊരു നയം ക്യാബിനറ്റില്‍ പാസാക്കിയപ്പോള്‍ സിപിഐ മന്ത്രിമാരോ അവരുടെ പാര്‍ട്ടി നേതൃത്വമോ എതിര്‍പ്പൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ഇടത് മുന്നണി ചര്‍ച്ച ചെയ്ത് അംഗീകരിച്ച നയമാണെന്ന് ഇടത് കണ്‍വീനറോ മന്ത്രിമാരോ അവകാശപ്പെട്ടിരുന്നില്ല. മദ്യ നിര്‍മ്മാണ കമ്പിനിയായ ഒയാസിസിന് എലപ്പുള്ളിയില്‍ അനുമതി നല്‍കിയപ്പോഴാണ് എതിര്‍പ്പുകള്‍ ഉയര്‍ത്തുന്നത്. ഈ ഘട്ടത്തിലാണ് എല്‍ഡിഎഫ് അംഗീകരിക്കാത്ത നയമാണ് മന്ത്രിസഭ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന ഗുരുതരമായ വിമര്‍ശനം ആര്‍ജെഡി ഉന്നയിക്കുന്നത്.

എല്‍ഡിഎഫ് അംഗീകരിക്കാത്ത നയം നടപ്പിലാക്കാനോ അംഗീകരിക്കാനോ തങ്ങള്‍ ബാധ്യസ്ഥരല്ലെന്ന ആര്‍ജെഡിയുടെ നിലപാട് സിപിഎമ്മിനെ വല്ലാത്ത വെട്ടിലാക്കിയിരിക്കയാണ്. സിപിഎം ഏകപക്ഷീയമായ തീരുമാനങ്ങളെടുത്ത് മുന്നണിയില്‍ അടിച്ചേല്‍പ്പിക്കുകയാണ് എന്ന പ്രതിപക്ഷ ആരോപണത്തിന് ആക്കം കൂട്ടുന്നതാണ് ആര്‍ജെഡിയുടെ ആക്ഷേപം.

ആര്‍ജെഡിയുടെ ആക്ഷേപങ്ങള്‍ക്ക് സിപിഎം നേതൃത്വമോ എക്‌സൈസ് മന്ത്രിയോ മറുപടി പറഞ്ഞിട്ടില്ല. എന്ത് ആക്ഷേപം വന്നാലും മദ്യ നിര്‍മ്മാണ യൂണിറ്റുമായി മുന്നോട്ട് പോകുമെന്നാണ് മന്ത്രി എംബി രാജേഷ് പറഞ്ഞത്. നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും പാലിച്ച് പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള ഒയാസിസ് കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ നിര്‍ദ്ദേശത്തിന് സംസ്ഥാന മന്ത്രിസഭ ജനുവരി 15 നാണ് അംഗീകാരം നല്‍കിയത്.

“മദ്യനയം മുന്നണിയില്‍ ചര്‍ച്ചചെയ്തിട്ടില്ല. ഇത്തരം പദ്ധതികള്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തതിനുശേഷം മന്ത്രിസഭയില്‍ പാസാക്കുകയാണ് വേണ്ടത്. മന്ത്രി തലത്തില്‍ തീരുമാനിച്ചതിനുശേഷം അല്ല എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ടത്. സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്നോട്ടു പോകും എന്ന് കരുതുന്നില്ല. ഈ തിരഞ്ഞെടുപ്പ് വര്‍ഷം തീരുമാനം പുനരാലോചിക്കുവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. പാലക്കാട് മദ്യശാല നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്” വര്‍ഗീസ് ജോര്‍ജ് മാധ്യമങ്ങളോടു പറഞ്ഞു. ആര്‍ജെഡിയുടെ നിലപാടിന് സിപിഐ ഇത് വരെ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

സിപിഐ എതിര്‍പ്പ് സിപിഎം കാര്യമായി എടുക്കുന്നില്ല. എന്നാല്‍ ആര്‍ജെഡി ഉന്നയിക്കുന്ന വിഷയം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നതാണ്. അത് പരിഹരിക്കാനാണ് സിപിഎം ശ്രമം നടക്കുന്നത്. സിപിഐ വ്യക്തയില്ലാതെ ഉയര്‍ത്തുന്ന എതിര്‍പ്പുകളെ മെരുക്കാം എന്ന വിശ്വാസം സിപിഎമ്മിനുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top