ബാര്‍ക്കോഴയില്‍ അടിച്ച് പിരിഞ്ഞ് നിയമസഭ; ഇല്ലാത്ത കാര്യം കെട്ടിച്ചമയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി; പ്രതി തന്നെ വാദിയായതായി സതീശന്റെ മറുപടി

നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ ബാര്‍ക്കോഴ ആരോപണത്തില്‍ ബഹളം. പ്രതിപക്ഷം അടിയന്തര പ്രമേയമായി വിഷയം അവതരിപ്പിക്കാനാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇതിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. പ്രതിപക്ഷത്തു നിന്നും റോജി എം ജോണാണ് നോട്ടീസ് നല്‍കിയത്. ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിലുളള വാക്ക്‌പോരിനും സഭ സാക്ഷിയായി.

കെഎം മാണിക്കെതിരായ ബാര്‍ക്കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ അന്നത്തെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നടത്തിയ പ്രസംഗം ഉദ്ധരിച്ചായിരുന്നു റോജിയുടെ പ്രസംഗം. എക്‌സൈസ് മന്ത്രിക്കൊപ്പം ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തി. ബാര്‍ ഉടമയുടെ ശബ്ദസന്ദേശം മനസിലാകാത്തത് എക്‌സൈസ് മന്ത്രിക്ക് മാത്രമാണ്. ജനിക്കാത്ത മദ്യനയത്തിലാണ് കോഴ ആരോപണം എന്നാണ് പറയുന്നത്. എന്നാല്‍ കുഞ്ഞ് പിറന്നു കഴിഞ്ഞു. അതിന്റെ അച്ഛന്‍ എക്‌സൈസാണോ ടൂറിസം വകുപ്പാണോ എന്ന് മാത്രം അറിഞ്ഞാല്‍ മതി. ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ എന്ന സിനിമ ഡയലോഗും റോജി നടത്തി.

മദ്യനയത്തിന്റെ ചുമതല ടൂറിസം സെക്രട്ടറിക്ക് യുഡിഎഫ് കാലത്ത് ചുമതലപ്പെടുത്തിയാല്‍ ആഹാ ഇപ്പോള്‍ ഓഹോ എന്നായിരുന്നു എക്‌സൈസ് മന്ത്രി എംബി രാജേഷിന്റെ മറുപടി. ഇപ്പോള്‍ നടക്കുന്നത് വസ്തുതാ വിരുദ്ധമായ പ്രചരണമാണ്. നയത്തില്‍ ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ല. പ്രതിപക്ഷം കുരുക്കുമായി എത് മന്ത്രിയുടെ കഴുത്തില്‍ ഇടാമെന്ന് നോക്കി നടക്കുകയാണ്. അതിന് പാകമായ കഴുത്ത് പ്രതിപക്ഷത്താണുള്ളതെന്നും മന്ത്രി പറഞ്ഞു.

കുരുക്കുമായി നടക്കുന്നത് ജനങ്ങളാണ് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. വിഎസ് അച്യുതാനന്ദന്‍ എന്തൊക്കെ മോശമായ കാര്യങ്ങളാണ് സഭയില്‍ കെഎം മാണിക്ക് എതിരെ അന്ന് ഉപയോഗിച്ചതെന്നും സതീശന്‍ ചോദിച്ചു. അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലാത്ത കാര്യം കെട്ടിച്ചമച്ച് ഇവിടെ എന്തോ സംഭവമുണ്ട് എന്ന പ്രതീതി ഉണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി നല്‍കിയ പരാതിയില്‍ ഇപ്പോള്‍ ഒരു അന്വേഷണം നടക്കുകയാണ്.ക്രൈം ബ്രാഞ്ച് അന്വേഷണം ശക്തമായി നടക്കും .അത് തടസ്സപ്പെടുത്തല്‍ ആണോ ഉദ്ദേശ്യമെന്നും അദ്ദേഹം ചോദിച്ചു. പ്രതി തന്നെ വാദി ആകുന്നുവെന്നും മുഖ്യമന്ത്രിയുടെ മറുപടി സ്വീകാര്യം അല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഇതോടെ സ്പീക്കര്‍ സഭ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top