20 എസ്പിമാർക്ക് ഐപിഎസ് ഉടൻ; പട്ടികയ്ക്ക് അന്തിമ അംഗീകാരമായി

സംസ്ഥാന പോലീസിൽ ഐപിഎസ് നൽകാനുള്ളവരുടെ പട്ടിക തയ്യാറായി. 2021- 2022 വർഷത്തെ ഒഴിവുകളിലേക്ക് നിയമനത്തിനുള്ളവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കേരളം കേന്ദ്രത്തിന് നൽകിയ 60 പേരുടെ പട്ടികയിൽ നിന്നാണ് 20 പേരെ തെരഞ്ഞെടുത്തത്. പോലീസ് ആസ്ഥാനത്ത് തയ്യാറാക്കിയ പട്ടികയിന്മേൽ ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.
പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ മറ്റുള്ളവരോ, പട്ടികയിൽ ഉൾപ്പെടുത്തിയില്ല എന്ന് പരാതിയുള്ളവരോ നിയമനടപടിക്ക് ഒരുങ്ങുന്നതും അതിൻ്റെ പേരിൽ തീരുമാനം വൈകുന്നതും കഴിഞ്ഞ കുറേക്കാലമായി പതിവാണ്. ഇത്തവണയും അച്ചടക്ക നടപടിയുടെ കാര്യം കാണിച്ച് എസ്പിമാരിൽ ഒരാളെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് എതിരെ സർക്കാർ നിലപാട് എടുത്തിരുന്നു.
2001ലെ ഒരു കേസിൽ 2010ൽ അന്വേഷണം നടത്തിയ ഇദ്ദേഹം നാലുപേരെ തെറ്റായി അറസ്റ്റ് ചെയ്തു എന്നതിൻ്റെ പേരിൽ ഇനിയും പൂർത്തിയാകാത്ത അന്വേഷണം ആയിരുന്നു വിഷയം. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയും ചെയ്തതോടെ ഈ പേരും ഉൾപ്പെടുത്തിയാണ് പുതിയ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here