‘ലിറ്റില്‍ ഹാര്‍ട്ട്‌സ്’ ജിസിസി റിലീസ് വിലക്കി; കാരണം ഇപ്പോള്‍ പറയാനാകില്ലെന്ന് സാന്ദ്രാ തോമസ്; ചില നിഗൂഢതകള്‍ പുറത്തുവരാനുണ്ടെന്നും നിര്‍മാതാവ്

ഷെയ്ന്‍ നിഗം, മഹിമ നമ്പ്യാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം ലിറ്റില്‍ ഹാര്‍ട്ട്‌സ് നാളെ തിയറ്ററുകളില്‍ എത്തുകയാണ്. എന്നാല്‍ ചിത്രത്തിന്റെ ജിസിസി റിലീസ് വിലക്കി എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഗവണ്‍മെന്റാണ് പ്രദര്‍ശനം വിലക്കിയിരിക്കുന്നത്. ഇതേക്കുറിച്ച് കൂടുതലൊന്നും നിലവില്‍ പറയാനാകില്ലെന്നും ചില നിഗൂഢതകള്‍ പുറത്തുവരാനുണ്ടെന്നും നിര്‍മാതാവ് സാന്ദ്രാ തോമസ് പറയുന്നു. അതേസമയം ചിത്രത്തില്‍ സ്വവര്‍ഗാനുരാഗം വിഷയമാകുന്നുണ്ടെന്നാണ് സൂചനകള്‍.

സാന്ദ്ര തോമസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ആത്മാവും ഹൃദയവും നല്‍കി ഞങ്ങള്‍ ചെയ്ത സിനിമയാണ് ലിറ്റില്‍ ഹാര്‍ട്ട്‌സ്. എന്നാല്‍ വളരെ ഖേദത്തോടെ ഞാനറിയിക്കട്ടെ, ലിറ്റില്‍ ഹാര്‍ട്ട്‌സ് ജിസിസി രാജ്യങ്ങളില്‍ പ്രദര്‍ശനമുണ്ടാകില്ല. ഗവര്‍ണ്‍മെന്റ് പ്രദര്‍ശനം വിലക്കിയിരിക്കുന്നു. ഈ സിനിമ ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തിക്കുക എന്ന എന്റെ മോഹത്തിനേറ്റ ഏറ്റവും വലിയ മുറിവാണിത്. പ്രവാസി സുഹൃത്തുക്കളോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. നിലവിലെ വിലക്കിനിടയായ കാരണങ്ങള്‍ തുറന്നു പറയാനാകില്ല. ഒന്നുറപ്പിച്ചോളൂ, ഒരു നിഗൂഢത പുറത്തുവരാനുണ്ട്. കാത്തിരിക്കൂ, ക്ഷമിക്കൂ.
നാളെ നിങ്ങള്‍ തിയറ്ററില്‍ വരിക. ചിത്രം കാണുക. മറ്റുള്ളവരോട് കാണാന്‍ പറയുക. എപ്പോഴും കൂടെയുണ്ടായതു പോലെ ഇനിയും എന്നോടൊപ്പമുണ്ടാകണം.
നന്ദി.

എന്ന് സ്‌നേഹത്തോടെ
സാന്ദ്രാ തോമസ്.

വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആളുകളും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ബാബുരാജും ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top