‘ഗോമൂത്രത്തെ പിന്തുണക്കുന്ന പ്രമുഖരോട്…’ ശാസ്ത്രീയ അടിത്തറയില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ ‘ദ ലിവർ ഡോക്’

ഗോമൂത്രത്തിന് രോഗങ്ങൾ ഭേദമാക്കാൻ കഴിയുമെന്ന മദ്രാസ് ഐഐടി ഡയറക്‌ടർ വി കാമകോടിയുടെ നിലപാടിനെ പിന്തുണച്ച സോഹോ കോർപറേഷൻ (Zoho) സിഇഒ ശ്രീധർ വെമ്പുവിനെതിരെ ഹെപ്പറ്റോളജിസ്റ്റ് ഡോ.സിറിയക് എബി ഫിലിപ്‌സ്. സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്ന വ്യക്തിത്വങ്ങളോട് സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ട് ഉത്തരവാദിത്വത്തോടെ ഉപയോഗിക്കാനാണ് തൻ്റെ എക്സ് അക്കൗണ്ടായ ദി ലിവര്‍ ഡോക് (The Liver Doc) വഴി ഡോ.സിറിയക് അഭ്യർത്ഥിക്കുന്നത്.

ശാസ്ത്രത്തിലൂടെയും ശാസ്ത്രീയ രീതികളിലൂടെയും ഒരു സമൂഹത്തിന് എങ്ങനെ മുന്നേറാം എന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. പുരാതന കപടശാസ്ത്രത്തെയും കാലഹരണപ്പെട്ട ചികിത്സകളെയും അംഗീകരിക്കുന്നത് നിർത്തുക, മദ്രാസ് ഐഐടി പ്രൊഫസർ ചെയ്തപോലെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക എന്നായിരുന്നു ഡോ.സിറിയക് തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രതികരിച്ചത്. സോഹോ സിഇഒയുടെ എക്സ് പോസ്റ്റ് ഷെയർ ചെയ്തു കൊണ്ടാണ് പ്രതികരണം.

മാട്ടുപൊങ്കൽ ദിനത്തിൽ ഗോസംരക്ഷണ ശാലയിലെ പരിപാടിയിൽ സംസാരിക്കവേയാണ് കാമകോടി ഗോമൂത്രത്തെ പ്രശംസിച്ചത്. തൻ്റെ അച്ഛന് പനി വന്നപ്പോൾ ഒരു സന്യാസിയുടെ ഉപദേശപ്രകാരം ഗോമൂത്രം നൽകിയെന്നും അങ്ങനെ സുഖമായെന്നും ആണ് കാമകോടി പറഞ്ഞത്. ഇത് വൈറലായതോടെയാണ് പിന്തുണയുമായി ശ്രീധർ വെമ്പു എത്തിയത്. ആന്‍റി ബാക്‌ടീരിയൽ, ഫംഗസ് വിരുദ്ധ, ദഹന ഗുണങ്ങൾ ഉള്ളതാണ് ഗോമൂത്രം. ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള അവസ്ഥകൾക്ക് മരുന്നാണ്. ഗോമൂത്രത്തിന്‍റെ ഈ ഔഷധമൂല്യം പരിഗണിക്കണമെന്നും കാമകോടി പറഞ്ഞിരുന്നു.

ആധുനിക ശാസ്ത്രം നമ്മുടെ പരമ്പരാഗത ദീര്‍ഘവീക്ഷണങ്ങളുടെ മൂല്യം കൂടുതലായി തിരിച്ചറിയുന്നു എന്നായിരുന്നു ഇതിനോട് ശ്രീധർ വെമ്പുവിൻ്റെ പ്രതികരണം. ഐഐടി മദ്രാസ് ഡയറക്ടർ കാമകോടി മികച്ച ഗവേഷകനും വിദ്യാഭ്യാസ വിചക്ഷണനുമാണ്. ഗോമൂത്രത്തിൻ്റെ ഗുണഫലങ്ങൾക്ക് അദ്ദേഹം കൃത്യമായ ശാസ്ത്രീയ അടിത്തറ നൽകി. അദ്ദേഹത്തെ വിമർശിക്കുന്നവർ സോഷ്യൽ മീഡിയയിൽ അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കുകയാണ് എന്നായിരുന്നു ന്യായികരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top