പോലീസിൽ ആർഎസ്എസ് പ്രവർത്തിക്കുന്നതിൻ്റെ ‘ജീവിക്കുന്ന തെളിവു’മായി അൻവർ; ‘മുഖ്യമന്ത്രി ചതിക്കപ്പെട്ടു’

മുഖ്യമന്ത്രി പിണറായി വിജയൻ്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എഡിജിപി എംആർ അജിത് കുമാറിനെയും പിടിവിടാതെ നിലമ്പൂർ എംഎൽഎ പിവി അൻവർ. ആർഎസ്എസ് നേതാക്കളുമായി അജിത് കുമാറിൻ്റെ കൂടിക്കാഴ്ച സംബന്ധിച്ച ഇൻ്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് മുന്നിലെത്തിക്കാതെ പൂഴ്ത്തിയായി ഇടത് എംഎൽഎ ഇന്ന് ആരോപിച്ചു.
“സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസും എകെജി സെൻ്ററിന് ബോംബെറിഞ്ഞ കേസും ശശിയും അജിത് കുമാറും ചേർന്ന് അട്ടിമറിച്ചു. ആശ്രമം കത്തിച്ച കേസ് അന്വേഷിച്ച എസിപി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ബൂത്ത് ഏജൻ്റായി. ആശ്രമത്തില്‍ നിന്ന് കണ്ടെടുത്ത റീത്തും ഭീഷണിക്കുറിപ്പും കാണാതായി. കാരായി രാജൻ്റെയും ഐപി ബിനുവിൻ്റെയും ഫോണുകൾ ചോർത്തി. നിരവധി സിപിഎം നേതാക്കളെയടക്കം കേസിൽ കുടുക്കാൻ പി ശശി ശ്രമിച്ചു. ഇതൊക്കെ പോലീസിൽ ആർഎസ്എസ് പ്രവർത്തിക്കുന്നതിൻ്റെ ജീവിക്കുന്ന തെളിവുകളാണ്”- അന്‍വര്‍ പറഞ്ഞു
എഡിജിപിയുടെ സന്ദർശനത്തെ സംബന്ധിച്ച ഇൻ്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിയ കാര്യം മുഖ്യമന്ത്രി അറിയുന്നത് ‘രണ്ടാമത് സ്പെഷ്യൽ ബ്രാഞ്ച് വിവരം അറിയിച്ചപ്പോഴാണ്’. വിശ്വസ്തർ തന്നെ വഞ്ചിച്ചോ എന്ന കാര്യം മുഖ്യമന്ത്രി പരിശോധിച്ചു വരികയാണെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ അടുത്തേക്ക് ഒന്നും എത്തുന്നില്ല. പി ശശിയെന്ന ബാരിക്കേഡിൽ തട്ടി കാര്യങ്ങൾ അവസാനിക്കുകയാണ്. മുഖ്യമന്ത്രി വിശ്വസിച്ചവർ അദ്ദേഹത്തെ ചതിച്ചു. യഥാര്‍ത്ഥ്യം അദ്ദേഹത്തിന് ഉടൻ ബോധ്യപ്പെടുമെന്നാണ് വിശ്വാസം. ഈ സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ പോലീസിൽ നടത്തിയ ഗൂഢാലോചനയാണ് താൻ വെളിപ്പെടുത്തുന്നതെന്ന് മലപ്പുറം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഇടത് എംഎൽഎ തുറന്നടിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here