എൽജെഡി ആർജെഡിയില്‍ ലയിക്കുന്നു; ലയനസമ്മേളനം ഈ മാസം 12 ന്; ലാലു പ്രസാദും തേജസ്വി യാദവും പങ്കെടുക്കും
കോഴിക്കോട്: ലോക് താന്ത്രിക് ജനതാദൾ രാഷ്ട്രീയ ജനതാദളില്‍ ലയിക്കുന്നു. ലയനസമ്മേളനം ഈ മാസം 12ന് കോഴിക്കോട്ട് നടക്കും. ഡോ.റാം മനോഹർ ലോഹ്യയുടെ ഓർമദിനമായ 12ന് വൈകിട്ട് സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിലെ എം.കെ.പ്രേംനാഥ് നഗറിലാണ് ലയന സമ്മേളനം നടക്കുക.
ആർജെഡി ദേശീയ പ്രസിഡന്റും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, രാജ്യസഭാ പാർട്ടി നേതാവ് മനോജ് ഝാ തുടങ്ങിയ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. 12ന് മഹാസമ്മേളനത്തിൽ ലാലു പ്രസാദ് യാദവും തേജസ്വി യാദവും ചേർന്ന് ആർജെഡി പതാക എം.വി.ശ്രേയാംസ്കുമാറിന് കൈമാറും.
ഏറ്റവും വലിയ സോഷ്യലിസ്റ്റ് പ്രസ്ഥാനമെന്ന നിലയിലാണ് ഇന്ത്യ മുന്നണിയിലെ പ്രധാനഘടകമായ ആർജെഡിയിൽ എല്‍ജെഡി ലയിക്കുന്നതെന്ന് എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ പറഞ്ഞു. കേന്ദ്ര സർക്കാർ ഭരണഘടനാമൂല്യങ്ങളെ തകർത്തുകൊണ്ട് മുന്നോട്ട് പോകുകയാണ്. അവരെ പരാജയപ്പെടുത്താനുള്ള ലക്ഷ്യത്തിന് ലയനസമ്മേളനം കരുത്ത് നല്‍കും-ശ്രേയാംസ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here