കാശില്ലാത്തവർക്കും കല്യാണം കഴിക്കാം; 25000 മുതൽ 25 ലക്ഷം വരെ വായ്പ നൽകുന്ന ധനകാര്യ സ്ഥാപനം

പാർവതി വിജയൻ

ബംഗലൂരു: ഒരു കല്യാണം നടത്തണമെങ്കിൽ കൈ നിറയെ കാശ് വേണം. മിന്നു മുതൽ സദ്യ വിളമ്പാൻ വരെയുള്ള എടുത്താൽ പൊങ്ങാത്ത ചെലവുകൾക്ക് പണം കണ്ടെത്താൻ വിഷമിക്കുന്ന മാതാപിതാക്കളും യുവതി – യുവാക്കളും നമുക്കിടയിൽ ധാരാളമുണ്ട്. എന്തിനു മേതിനും വായ്പകിട്ടുന്ന ഇക്കാലത്ത് ഡീസൻ്റായി വിവാഹം നടത്താനും ലോൺ കൊടുക്കുന്ന സ്ഥാപനങ്ങളുണ്ട്.

‘മാരി നൗ പേ ലേയ്റ്റർ’ (MNPL) എന്ന പദ്ധതിയുമായി ഒരു മാസം മുൻപാണ് ഷാദിഫൈ എന്ന കമ്പനി ആരംഭിച്ചത്. കല്യാണങ്ങൾ നടത്താൻ വെഡിങ് പ്ലാനേഴ്‌സിനെ സമീപിക്കുന്ന ട്രെൻഡിന് പുറമെയാണ് വിവാഹ ചിലവുകൾക്കുള്ള തുക കണ്ടെത്താനുള്ള ഈ സേവനം. പദ്ധതി തുടങ്ങി ഒരു മാസമാകുമ്പോഴേക്കും പ്രതിദിനം 300 ഓളം പേരാണ് ഷാദിഫൈയിൽ വിവാഹ വായ്പയെക്കുറിച്ച് അന്വേഷിക്കാൻ വിളിക്കുന്നതെന്ന് കമ്പനി ഉടമ അൽക്ക തിവാരി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. കേരളത്തിൽ നിന്നും 15 -20 പേർ ദിവസേന വിളിക്കാറുണ്ട്.

21 വയസിന് മേൽ പ്രായമുള്ള, ജോലി ഉള്ളതോ, സ്വയം തൊഴിൽ ചെയ്യുന്നതോ ആയ ആർക്കും ഷാദിഫൈ വെബ്സൈറ്റ് വഴി വായ്പക്ക് അപേക്ഷിക്കാം. 650ന് മുകളിൽ സിബിൽ സ്കോർ ഉള്ളവർക്ക് വായ്പക്ക് അർഹതയുണ്ട്. 10 മുതൽ 13 ശതമാനം വരെയാണ് പലിശ നിരക്ക്. ബാങ്ക് വായ്‌പയെക്കാൾ കുറവാണിതെന്ന് അൽക്ക പറയുന്നു. 25000 മുതൽ 25 ലക്ഷം വരെ വായ്പക്ക് അപേക്ഷിക്കാം. 72 മാസം വരെയാണ് തിരിച്ചടവിനുള്ള പരമാവധി വായ്പകാലാവധി. മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാൽ അപേക്ഷിച്ച് 15 ദിവസത്തിനുള്ളിൽ വായ്പ ലഭിക്കും. വായ്പക്ക് പുറമെ ആവശ്യക്കാരെ വെഡിങ് പ്ലാനേഴ്‌സുമായി ബന്ധിപ്പിക്കും.

പുതിയകാലത്ത് ചെറുപ്പക്കാർ വിവാഹം നടത്താൻ സ്വന്തമായി പണം കണ്ടെത്തുന്നവരാണ്. ഇത്തരം വായ്പകൾ വാങ്ങുന്നതിന് മുൻപ് വരുംവരായ്കകളെക്കുറിച്ച് ആലോചിക്കണമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. ആവശ്യത്തിലധികം കടം വാങ്ങിക്കൂട്ടിയാൽ പിന്നീടത് തലവേദനയായി മാറും. തിരിച്ചടവ് മുടങ്ങിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മനസിലാക്കിയിട്ട് മാത്രമേ ഇത്തരം വായ്പകൾ എടുക്കാവൂ എന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. കേരളത്തിൽ നിന്ന് ഇതുവരെ ഇത്തരം വായ്പ വാങ്ങിയ ആരും തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും ആരെങ്കിലും സമീപിച്ചാൽ വേണ്ട സഹായം നൽകുമെന്നും ഹാപ്പി വെഡിങ് പ്ലാനർ ഉടമ സ്വരൂപ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top