സാനിയ മിർസ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചേക്കും; ഹൈദരാബാദ് മണ്ഡലം തിരിച്ചുപിടിക്കാൻ താരമിറങ്ങും; സ്ഥാനാർത്ഥിത്വം ഈയാഴ്ച പ്രഖ്യാപിക്കും
ഹൈദരാബാദ്: പ്രശസ്ത ടെന്നീസ് താരം സാനിയ മിർസ ലോക്സഭയിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും. നിലവിൽ ഹൈദരാബാദിൽ നിന്നുള്ള ലോക്സഭാ എംപിയും ഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) അധ്യക്ഷനുമായ അസാദുദ്ദിൻ ഒവൈസിക്കെതിരെ സാനിയയെ സ്ഥാനാർത്ഥിയാക്കി നിർത്തണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചത് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദീനാണ്. അസ്ഹറുദ്ദീന്‍റെ മകൻ മുഹമ്മദ് അസാദുദ്ദിൻ വിവാഹം ചെയ്തിതിരിക്കുന്നത് സാനിയയുടെ ഇളയ സഹോദരി അനം മിർസയെയാണ്. കോൺഗ്രസ് ഈയാഴ്ച തന്നെ സാനിയയുടെ പേര് പ്രഖ്യാപിച്ചേക്കും.
ടെന്നീസ് താരമെന്ന നിലയിൽ രാജ്യത്തിനകത്തും പുറത്തും പ്രശസ്തയായ സാനിയയുടെ താരപ്രഭ കോൺഗ്രസിന് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. 1999ൽ ജക്കാർത്തയിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ടായിരുന്നു സാനിയയുടെ ആദ്യത്തെ അന്താരാഷ്ട്ര മത്സരം. 2003ൽ ലണ്ടനിൽ വെച്ച് വിംബിൾഡൺ ജൂനിയർ ഗ്രാൻഡ്സ്ലാം ഡബിൾസ് കിരീടം നേടിക്കൊണ്ട് വിംബിൾഡൺ മത്സരത്തിൽ ഏതെങ്കിലും വിഭാഗത്തിൽ കിരീടം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരി എന്ന ബഹുമതി നേടിയ താരമാണ് സാനിയ. നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച 37കാരിയായ സാനിയ 2023 ജനുവരിയിലാണ് അന്താരാഷ്ട്ര ടെന്നീസിൽ നിന്ന് വിരമിച്ചത്.
ഇക്കഴിഞ്ഞ ദിവസം ഡല്‍ഹിയിൽ ചേർന്ന കോൺഗ്രസ് ഇലക്ഷൻ കമ്മറ്റി (സിഇസി) യോഗത്തിൽ സാനിയയുടെ പേര് സജീവമായി ചർച്ച ചെയ്തുവെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. ദീർഘകാലമായി കോൺഗ്രസിന് ഈ മണ്ഡലത്തിൽ നിന്ന് ജയിക്കാൻ കഴിഞ്ഞിട്ടില്ല. 78 ശതമാനം മുസ്ലീം ഭൂരിപക്ഷമുള്ള ഹൈദരാബാദ് മണ്ഡലം എഐഎംഐഎം പാർട്ടി കുത്തകയാക്കി വെച്ചിരിക്കയാണ്. കോൺഗ്രസ് ഏറ്റവും ഒടുവിൽ വിജയിച്ചത് 1980ലാണ്.
ഇക്കഴിഞ്ഞ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ജുബിലി ഹിൽസ് മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മുഹമ്മദ് അസറുദ്ദീന്‍ മത്സരിച്ചെങ്കിലും 16000 വോട്ടിന് ബിആർ എസ് സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. ഹൈദരാബാദ് ലോക്സഭാ മണ്ഡലം 1984 മുതൽ മജിലസ് പാർട്ടി കുത്തകയാക്കി വെച്ചിരിക്കയാണ്.
കഴിഞ്ഞ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹൈദരാബാദ് ലോക്സഭാ മണ്ഡലത്തിൽ ഒവൈസിയുടെ പാർട്ടിക്ക് കോൺഗ്രസ് കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു. അതുകൊണ്ടാണ് സാനിയയെ സ്ഥാനാർത്ഥിയാക്കിയാൽ മണ്ഡലം തിരിച്ചുപിടിക്കാമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നത്. 2004 മുതൽ അസാദുദ്ദീൻ ഒവൈസിയാണ് ഹൈദരാബാദിൽ നിന്ന് ജയിക്കുന്നത്. 1984 മുതൽ 2004 വരെ അസാദുദ്ദീൻ ഒവൈസിയുടെ പിതാവ് സുൽത്താൻ സലാഹുദ്ദിൻ ഒവൈസിയാണ് ജയിച്ചിരുന്നത്. 2014, 2019 എന്നീ തിരഞ്ഞെടുപ്പുകളിൽ 58 ശതമാനത്തിലധികം വോട്ട് നേടിയാണ് ഒവൈസി ഇവിടെ നിന്ന് ജയിച്ചിരുന്നത്. ഇത്തവണയും ഒവൈസി മത്സരിക്കുന്നുണ്ട്. മെയ് 13ന് തെലങ്കാനയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ മാധവി ലതയാണ് ബിജെപി സ്ഥാനാർത്ഥിയായി രംഗത്തുള്ളത്. ബിആർഎസും മത്സരിക്കുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here