സിപിഐക്ക് 15 ലോക്സഭാ സീറ്റുകളില്‍ വിജയപ്രതീക്ഷയെന്ന് ഡി.രാജ; മാറ്റുരയ്ക്കുന്നത് 8 സംസ്ഥാനങ്ങളില്‍; സീറ്റ് വിഭജനത്തില്‍ മാതൃക സ്റ്റാലിനെന്നും സിപിഐ
ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഐയ്ക്ക് നിറഞ്ഞ പ്രതീക്ഷ. ഇന്ത്യാ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന എട്ട് സംസ്ഥാനങ്ങളില്‍ 15 സീറ്റുകളെങ്കിലും ലഭിക്കുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. ബിഹാർ, അസം, മണിപ്പൂർ, ഝാർഖണ്ഡ് എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് പാര്‍ട്ടിയുടെ വിജയപ്രതീക്ഷ. കോണ്‍ഗ്രസുമായും ഇന്ത്യാ മുന്നണിയുമായും സംസാരിച്ച ശേഷം സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു.
“ഇടതു പാര്‍ട്ടികള്‍ക്ക് സീറ്റില്ലാതിരുന്ന മണിപ്പൂർ, തെലങ്കാന, മഹാരാഷ്ട്ര, പഞ്ചാബ്, അസം, ജാർഖണ്ഡ് എന്നിവിടങ്ങളിൽ പാര്‍ട്ടിക്ക് സീറ്റ് ലഭിച്ചിട്ടുണ്ട്. പാർട്ടിയുടെ മുതിർന്ന അംഗവും ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് (എഐടിയുസി) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ലൈഷ്‌റാം സോതിൻകുമാർ സിങ്ങിനെയാണ് ഇന്നർ മണിപ്പൂർ മണ്ഡലത്തിൽ മത്സരിപ്പിക്കുന്നത്.”-രാജ പറഞ്ഞു.
തെലങ്കാനയിൽ വാറങ്കൽ, മഹാരാഷ്ട്രയിൽ ഷിർദി മണ്ഡലം, പഞ്ചാബിലെ ബട്ടിന്‍ഡ, ജാർഖണ്ഡിലെ ഹസാരിബാഗ് എന്നിവയൊക്കെ പാര്‍ട്ടിക്ക് പ്രതീക്ഷയുള്ള സീറ്റുകളാണ്. ഝാർഖണ്ഡില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
“പശ്ചിമ ബംഗാളിൽ മുമ്പ് വിജയിച്ച ഘട്ടൽ, മേദിനിപൂർ എന്നിവയുൾപ്പെടെ മൂന്ന് സീറ്റുകളിൽ സിപിഐ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ബിഹാറിലും മൂന്ന് മണ്ഡലങ്ങൾക്കായുള്ള ചർച്ചകൾ നടക്കുന്നു. ബങ്ക, ബെഗുസാരായി, മധുബാനി എന്നിവയാണ് സാധ്യതയുള്ള സീറ്റുകൾ.” രാജ വ്യക്തമാക്കി.
“സഖ്യത്തിന്‍റെ ഭാഗമായ കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികളുമായി സിപിഐ സംസ്ഥാന നേതൃത്വങ്ങള്‍ ചര്‍ച്ച നടത്തുകയാണ്. അനുകൂലമായ ഫലമുണ്ടാകുമെന്ന ശുഭപ്രതീക്ഷയുണ്ട്. സഖ്യകക്ഷികൾക്ക് സീറ്റുകൾ വിട്ടുനൽകുമ്പോൾ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കാണിച്ചതുപോലെയുള്ള പക്വത കോൺഗ്രസും പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു”- രാജ പറഞ്ഞു.
“സംസ്ഥാന തലത്തില്‍ സീറ്റ് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ ആവശ്യമായാല്‍ സംസാരിക്കും. തമിഴ്‌നാട്ടിലെ സീറ്റ് വിഭജനം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു, തമിഴ്നാട് സിപിഐ രണ്ട് സീറ്റുകളിൽ മത്സരിക്കും. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ഇന്ത്യാ സഖ്യത്തിന്റെ ലക്ഷ്യം. കോണ്‍ഗ്രസും അനുരഞ്ജന പാതയിലേക്ക് വരണം”- രാജ പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എൽഡിഎഫ്) ഭാഗമായി സിപിഐക്ക് കേരളത്തിൽ നാല് സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. വയനാട്, തിരുവനന്തപുരം, തൃശൂർ, മാവേലിക്കര എന്നീ സീറ്റുകളാണ് പാര്‍ട്ടിക്ക് ലഭിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here