പാൽപ്പൊടി കലക്കിക്കുടിച്ച് വളർന്നയാളല്ല പിണറായിയെന്ന് ജയരാജന്‍; എസി ബസിൽ പോയാല്‍ ജനകീയ പ്രശ്നങ്ങൾ മനസ്സിലാവില്ല; രാഹുല്‍ ഗാന്ധിയെ നേതാക്കള്‍ ഉപദേശിക്കണം
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുൽഗാന്ധിയെ കടന്നാക്രമിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. സ്വർണ കരണ്ടിയിൽ പാലുകുടിച്ച് വളർന്ന ആളല്ല പിണറായി വിജയന്‍. വിദേശ രാജ്യങ്ങളിൽനിന്ന് ഇറക്കിയ പാൽപ്പൊടി പാൽ കുടിച്ച് വളർന്നയാളുമല്ല. അടിയന്തിരാവസ്ഥ സമയത്ത് ജയിലില്‍ കിടന്ന് ഒട്ടനവധി അനുഭവങ്ങളിലൂടെ കടന്നുവന്നതാണ്. രാഹുലിന് പക്വത ഇല്ലെങ്കിൽ കോൺഗ്രസിലെ അറിവുള്ള, അനുഭവസ്ഥരായ നേതാക്കൾ ഉപദേശിച്ചുകൊടുക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിണറായി വിജയനെ എന്തുകൊണ്ട് ഇഡി അറസ്റ്റ് ചെയ്യുന്നില്ലെന്ന രാഹുലിന്റെ വിമര്‍ശനത്തെ തുടര്‍ന്നാണ് ജയരാജന്‍ രംഗത്തുവന്നത്. “ശരിയായ നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിക്കഴിഞ്ഞിരിക്കുന്നു. എസി ബസിൽ യാത്ര നടത്തിയാൽ ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാവില്ല. ആര്‍എസ്എസ് തലയ്ക്ക് വിലയിട്ട നേതാവാണ് പിണറായി വിജയന്‍. ബിജെപിയെയും ആർഎസ്എസിനെയും തൃപ്തിപ്പെടുത്തി വയനാട്ടിൽ സുഖമായി ജയിച്ചുകയറാനാണ് രാഹുലിന്റെ പ്രസ്താവനകൾ.”
“800 കോടിയുടെ അഴിമതിയാണ് നാഷണല്‍ ഹെറാൾഡ് കേസിൽ നടന്നത്. ഇത് കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ്. എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത്. രാഹുൽ ഇക്കാര്യം സ്വയം ചോദിക്കണം. രാഹുലിന്റെ പ്രസ്താവന അപഹാസ്യമാണെന്നും ഒരു ദേശീയ നേതാവ് ഇതാണെങ്കിൽ എങ്ങനെ കോൺഗ്രസ് രക്ഷപ്പെടുമെന്നുമാണ് കേരള ജനത ചോദിച്ചുകൊണ്ടിരിക്കുന്നത്.” – കടുത്ത വിമര്‍ശനത്തിന്റെ സ്വരത്തില്‍ ജയരാജന്‍ വിമർശിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here