ഇരിക്കൂര്‍, പേരാവൂര്‍ മേഖലകളില്‍ പോളിങ് കുറഞ്ഞു; യുഡിഎഫിന് ആശങ്ക; ഇരിക്കൂറില്‍ സുധാകരന്റെ ലീഡ് കുറഞ്ഞാല്‍ മണ്ഡലം പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ സിപിഎം
കണ്ണൂര്‍: കടുത്ത മത്സരം നടക്കുന്ന കണ്ണൂരില്‍ മലയോര മേഖലയില്‍ പോളിങ് കുറഞ്ഞതില്‍ യുഡിഎഫിന് ആശങ്ക. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ ഇക്കുറി പോളിങ് കുറവാണ്. യുഡിഎഫിന് ഏറ്റവുമധികം ഭൂരിപക്ഷം ലഭിക്കുന്ന ഇരിക്കൂറില്‍ എട്ടു ശതമാനത്തോളമാണ് പോളിങ് കുറഞ്ഞത്. എന്നാല്‍ ശക്തികേന്ദ്രങ്ങളില്‍ പോളിങ് കൂടിയതില്‍ ഇടതുമുന്നണിക്ക് പ്രതീക്ഷയുമേറി. 76.89 ശതമാനമാണ് ഇക്കുറി കണ്ണൂരിലെ പോളിങ്. യുഡിഎഫിലെ കെ.സുധാകരനും എല്‍ഡിഎഫിലെ എം.വി.ജയരാജനും എന്‍ഡിഎയിലെ സി.രഘുനാഥുമാണ് മത്സരിക്കുന്നത്.
കഴിഞ്ഞ തവണ കണ്ണൂര്‍ ലോക്സഭാ സീറ്റില്‍ നിന്നും വിജയിച്ചത് കോണ്‍ഗ്രസിന്റെ കെ.സുധാകരനാണ്. ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷം സുധാകരന് ലഭിച്ചിരുന്നു. എന്നാല്‍ ഇക്കുറി ആര് ജയിച്ചാലും വലിയ ഭൂരിപക്ഷം കിട്ടില്ലെന്നാണ് കണ്ണൂരിലെ അവസ്ഥ. കഴിഞ്ഞ തവണത്തേക്കാള്‍ ആറു ശതമാനമാണ് പോളിങ് കുറഞ്ഞത്. ഇരിക്കൂറില്‍ വലിയ ഇടിവാണ് കണ്ടത്.
81 ശതമാനമാണ് ഇരിക്കൂറില്‍ കഴിഞ്ഞ തവണയുണ്ടായ പോളിങ്. ഇക്കുറി അത് 72.5 ശതമാനമായി കുറഞ്ഞു. മലയോര മേഖലയായ പേരാവൂരിലും പോളിങ് കുറഞ്ഞിട്ടുണ്ട്. ഇരിക്കൂറില്‍ സുധാകരന് ലീഡ് കുറഞ്ഞാല്‍ കണ്ണൂര്‍ മണ്ഡലം കൈപ്പിടിയിലാക്കാന്‍ കഴിയുമെന്നാണ് സിപിഎം പ്രതീക്ഷ. എന്നാല്‍ അഴീക്കോടും കണ്ണൂരും ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ സജീവ പോളിങ് നടന്നിട്ടുമില്ല.
കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍, ധര്‍മ്മടം, പേരാവൂര്‍, ഇരിക്കൂര്‍, തളിപ്പറമ്പ്, അഴീക്കോട്, മട്ടന്നൂര്‍ നിയോജക മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍, ധര്‍മ്മടം, തളിപ്പറമ്പ്, മട്ടന്നൂര്‍, അഴീക്കോട് നിയോജക മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പമായിരുന്നു. എന്നാല്‍ പേരാവൂര്‍, ഇരിക്കൂര്‍ നിയോജക മണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പം നിന്നു. ധര്‍മ്മടം നിയോജക മണ്ഡലത്തെ മുഖ്യമന്ത്രി പിണറായി വിജയനും തളിപ്പറമ്പ് നിയോജക മണ്ഡലത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമാണ് പ്രതിനിധീകരിക്കുന്നത്. അതിനാല്‍ കണ്ണൂരിലേത് സിപിഎമ്മിനു അഭിമാന പോരാട്ടമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here