കോണ്‍ഗ്രസിനുള്ള ജനപിന്തുണ മോദി ഭയക്കുന്നുവെന്ന് ഖാർഗെ; അഴിമതിക്കാരെ പാര്‍ട്ടിയിലേക്ക് ചേര്‍ക്കുന്നു; പറഞ്ഞത് നടപ്പിലാക്കാതിരിക്കുക മോദിയുടെ ഗ്യാരണ്ടി

തിരുവനന്തപുരം: അഴിമതിയോട് സന്ധി ചെയ്യില്ലെന്ന് പറയുന്നവർ അഴിമതിക്കാരായവരെ പാർട്ടിയിലേക്ക് ചേർക്കുകയാണെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസിന് ലഭിക്കുന്ന മികച്ച ജനപിന്തുണയിൽ മോദി ഭയപ്പെടുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ തരുമെന്ന് മോദി പറഞ്ഞു. വിദേശത്ത് കോൺഗ്രസ് നിക്ഷേപിച്ച കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും പറഞ്ഞു. എന്നിട്ട് എവിടെ ആ പണം? കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞു. ഇപ്പോൾ അദ്ദേഹം വീണ്ടും പറയുന്നു മോദിയുടെ ഗ്യാരണ്ടിയെന്ന്. എന്താണ് മോദിയുടെ ഗ്യാരണ്ടി. നടപ്പിൽവരുത്തുമെന്ന് പറഞ്ഞ വാഗ്ദാനങ്ങൾ നടപ്പിലാക്കാതിരിക്കുക എന്നതാണ് മോദിയുടെ ഗ്യാരണ്ടി.” – ഖാർഗെ പറഞ്ഞു.
“കോൺഗ്രസ് ഒന്നുമല്ലെങ്കിൽ പിന്നെ എന്തിനാണ് മോദി നിരന്തരം കോൺഗ്രസിനെ വിമർശിക്കുന്നത്. അഴിമതിയോട് സന്ധിചെയ്യില്ലെന്ന് പറയുന്നു. അഴിമതിക്കാരായവരെ പാർട്ടിയിലേക്ക് ചേർക്കുകയും ചെയ്യുന്നു. ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്.” – ഖാർഗെ ചോദിച്ചു.
മുസ്ലിങ്ങൾ കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നു എന്ന മോദിയുടെ വിവാദ പരാമർശത്തെയും ഖാര്‍ഗെ പരിഹസിച്ചു. “തനിക്ക് അഞ്ച് കുട്ടികളുണ്ട്. അവരെ അധ്വാനിച്ചാണ് വളർത്തിയത്. പ്രധാനമന്ത്രിയുടെ പ്രസംഗം തെറ്റായിപ്പോയി. മോദി ഇന്ത്യയുടെ ചരിത്രം വായിക്കണം. രാജ്യത്തെ ഒറ്റക്കെട്ടായി നിർത്താൻ പഠിക്കണം. എന്നാൽ, ജാതിയുടെ പേരിൽ ജനങ്ങളെ വേർതിരിക്കുകയാണ് മോദി ചെയ്യുന്നത്.” – ഖാര്‍ഗെ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here