വരുണിന് സീറ്റ് നിഷേധിച്ചതില്‍ പ്രതികരണവുമായി മേനക; ബിജെപിയില്‍ സന്തോഷവതി; സുല്‍ത്താന്‍പൂര്‍ വീണ്ടും നല്‍കിയതില്‍ പാര്‍ട്ടിക്ക് നന്ദി

സുൽത്താൻപുർ: പിലിബിത്ത് എംപിയായിരുന്ന വരുണ്‍ ഗാന്ധിക്ക് ബിജെപി സീറ്റ് നിഷേധിച്ചതോടെ വരുണ്‍ ബിജെപി വിടുമെന്ന സൂചനകള്‍ ശക്തമാണ്. പ്രശ്നത്തില്‍ നിശബ്ദത തുടര്‍ന്ന വരുണിന്റെ അമ്മയും എംപിയുമായ മേനക ഗാന്ധി പ്രതികരണവുമായി രംഗത്തെത്തി. “അദ്ദേഹം എന്താണ് ചെയ്യാൻ പോകുന്നതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കൂ. ഇത് തിരഞ്ഞെടുപ്പിന് ശേഷം ഞങ്ങൾ പരിഗണിക്കും, സമയമുണ്ട്.” ഇതായിരുന്നു മേനകയുടെ മറുപടി.

“ബിജെപിയിലായതിനാല്‍ ഞാന്‍ സന്തോഷവതിയാണ്. പിലിബിത്തില്‍ നിന്നാണോ സുല്‍ത്താന്‍പൂരില്‍ നിന്നാണോ മത്സരിക്കേണ്ടിവരിക എന്ന് സംശയം നിലനിന്നിരുന്നു. സുല്‍ത്താന്‍പൂരില്‍ തന്നെ മത്സരിക്കാന്‍ അവസരം തന്നതില്‍ നരേന്ദ്ര മോദിക്കും ജെ.പി.നഡ്ഡയ്ക്കും നന്ദിയുണ്ട്.” പക്ഷെ അവരുടെ വാക്കുകള്‍ക്കിടയില്‍ മണ്ഡലത്തിലെ വിജയ സാധ്യതയെക്കുറിച്ചും ആശങ്കയുണ്ട്. ഒരു എംപിയും വീണ്ടും ജയിക്കാത്ത ചരിത്രമാണ് സുല്‍ത്താന്‍പൂരിനുള്ളത്. ഉള്ളിലുള്ളത് മറച്ചുവയ്ക്കാതെ അവര്‍ പറഞ്ഞു. മണ്ഡലത്തില്‍ പ്രചരണം തുടരുന്നതിനിടെയായിരുന്നു മേനകയുടെ പ്രതികരണം.

10 ദിവസം അവര്‍ മണ്ഡലത്തില്‍ പര്യടനത്തിനായി ചിലവിടും. ഊഷ്മളമായ സ്വീകരണമാണ് മേനകക്ക് മണ്ഡലത്തില്‍ ലഭിക്കുന്നത്. 101 ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുമെന്ന് അവര്‍ പറഞ്ഞു. ശ്യാമപ്രസാദ് മുഖര്‍ജിയുടെയും പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെയും പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.

വരുണ്‍ ബിജെപി വിടുമെന്ന സൂചനകളെ തുടര്‍ന്ന് കോണ്‍ഗ്രസില്‍നിന്നും അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയില്‍നിന്നും ക്ഷണം വന്നിരുന്നു. പക്ഷെ ഇതൊന്നും വരുണ്‍ സ്വീകരിച്ചിട്ടില്ല. പകരം പിലിബിത്തിലെ ജനങ്ങള്‍ക്ക് വികാരനിര്‍ഭരമായ കത്തെഴുതുകയാണ് ചെയ്തത്. തന്റെ അവസാന ശ്വാസംവരെ മണ്ഡലവുമായും അവിടുത്തെ ജനങ്ങളുമായുള്ള ബന്ധം തുടരുമെന്നും പിലിബിത്തിന്റെ മകനാണ് താനെന്നുമാണ് കത്തില്‍ വ്യക്തമാക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top