ഉപതിരഞ്ഞെടുപ്പിലേക്ക് ചേലക്കരയും പാലക്കാടും; വിജയം ഉറപ്പിച്ച് രാധാകൃഷ്ണനും ഷാഫി പറമ്പിലും; ജോയ് ജയിച്ചാല്‍ ആറ്റിങ്ങലിലും മത്സരത്തിന് കളമൊരുങ്ങും

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കെ കേരളത്തില്‍ രണ്ട് നിയമസഭാ സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. ചേലക്കര, പാലക്കാട് മണ്ഡലങ്ങളാണ് ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കാണുന്നത്. ഈ മണ്ഡലങ്ങളിലെ സിറ്റിങ് എംഎൽഎമാർ രണ്ടുപേർ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയത്തോട് അടുക്കുകയാണ്. ആലത്തൂര്‍ ലോക്സഭാ സീറ്റില്‍ മത്സരിച്ച മന്ത്രി കെ.രാധാകൃഷ്ണന്‍ വിജയം ഉറപ്പിച്ച അവസ്ഥയിലാണ്. പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലും വടകര ലോക്സഭാ മണ്ഡലത്തില്‍ വിജയം ഉറപ്പിക്കുകയാണ്. ഇതോടെയാണ് തിരഞ്ഞെടുപ്പ് ഉറപ്പാകുന്നത്.

കെ.രാധാകൃഷ്ണന്‍, കെ.കെ.ഷൈലജ, എം.മുകേഷ്, വി.ജോയ് എന്നീ എംഎല്‍എമാരെയാണ് സിപിഎം മത്സരിപ്പിച്ചത്. കോണ്‍ഗ്രസ് ഷാഫി പറമ്പിലിനെയും. ആറ്റിങ്ങലില്‍ ഫോട്ടോ ഫിനിഷിലേക്കാണ് ഫലം നീങ്ങുന്നത്. ആറ്റിങ്ങല്‍ എംഎല്‍എ ജോയി ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ വിജയിച്ചാല്‍ ഇവിടെയും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും ജോയിയും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്.

കൊല്ലം ലോക്സഭാ സീറ്റില്‍ മത്സരിച്ച കൊല്ലം എംഎല്‍എ മുകേഷും, വടകര മണ്ഡലത്തില്‍ മത്സരിച്ച കെ.കെ.ശൈലജയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പിച്ചു. അതുകൊണ്ട് തന്നെ മുകേഷിന്റെ മണ്ഡലമായ കൊല്ലത്തും ശൈലജയുടെ മണ്ഡലമായ മട്ടന്നൂരും ഉപതിരഞ്ഞെടുപ്പ് വേണ്ടിവരില്ലെന്ന് ഉറപ്പായി.

2019 വരെയുള്ള തിരഞ്ഞെടുപ്പുകളുടെ കണക്ക് നോക്കിയാല്‍ ഇതുവരെ 27 എംഎല്‍എമാരാണ് ലോക്‌സഭയിലേക്ക് മത്സരിച്ചത്. ഇതില്‍ 15 പേര്‍ വിജയിച്ചു. 2019ലാണ് ഏറ്റവും കൂടുതല്‍ എംഎല്‍എമാര്‍ ലോക്‌സഭാ പോരാട്ടത്തിന് ഇറങ്ങിയത്. എംഎല്‍എമാരെ ഇറക്കിയുള്ള കോണ്‍ഗ്രസ് പരീക്ഷണം വിജയിച്ചപ്പോള്‍ ഇടതു പരീക്ഷണങ്ങള്‍ പലപ്പോഴും പാളിയതാണ് തിരഞ്ഞെടുപ്പ് ചരിത്രം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top