രാജ് താക്കറെയെ എന്‍ഡിഎയില്‍ എത്തിക്കാന്‍ നീക്കം; ഡല്‍ഹിയിലെത്തി രാജ് അമിത്ഷായെ കണ്ടു; മഹാവികാസ് അഘാടി സഖ്യത്തിന് വീണ്ടും ബിജെപി തിരിച്ചടി

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മഹാവികാസ് അഘാടി സഖ്യത്തിന് കനത്ത തിരിച്ചടി നല്‍കാന്‍ ബിജെപി. മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന(എംഎന്‍എസ്) നേതാവും ബാല്‍ താക്കറെയുടെ അനന്തരവനുമായ രാജ് താക്കറെയെ എന്‍ഡിഎയിലെത്തിക്കാനാണ് ബിജെപി നീക്കം. മഹാരാഷ്ട്രയിലെ 48 ലോക്സഭാ സീറ്റുകള്‍ ലക്ഷ്യമിട്ടുള്ള ബിജെപി നീക്കങ്ങളിലൊന്നാണിത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബാവന്‍കുലെ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക് പോയിരുന്നു.

ഇന്ത്യാ സഖ്യത്തിന്റെ യോഗം ശിവാജിപാര്‍ക്കില്‍ നടന്ന ഉടന്‍ തന്നെയാണ് രാജ് താക്കറെക്കായി ബിജെപി ശ്രമം തുടങ്ങിയത്. നിര്‍ണായക രാഷ്ട്രീയ ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലെത്തിയ രാജ് അമിത്ഷായെ കണ്ടു. ഡല്‍ഹിയിലെത്താന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വന്നതാണെന്ന് മാത്രമാണ് രാജ് താക്കറെ പ്രതികരിച്ചത്. എന്‍ഡിഎ പ്രവേശനം സംബന്ധിച്ച് മറുപടിയൊന്നും പറഞ്ഞില്ല. മറാത്തികളുടെ താത്പര്യത്തിനായി നല്ല തീരുമാനമെടുക്കുമെന്നാണ് എംഎന്‍എസ് നേതാവ് സന്ദീപ് ദേശ്പാണ്ഡേ പ്രതികരിച്ചത്.

ഉദ്ധവ് താക്കറെയുമായി തെറ്റിപ്പിരിഞ്ഞാണ് 2006ല്‍ രാജ് താക്കറെ എംഎന്‍എസിന് രൂപം നല്‍കിയത്. ശിവസേനയുടെ തീവ്ര ചിന്താഗതികളുള്ള അണികള്‍ രാജിന് ഒപ്പമുണ്ട്. ശരത് പവാറിന് കനത്ത തിരിച്ചടി നല്‍കിയാണ്‌ എന്‍സിപിയെ ബിജെപി പിളര്‍ത്തിയത്. എന്‍സിപിയും ശിവസേനയെയും പിളര്‍ത്തി ഒപ്പം കൂട്ടിയതോടെ മഹാരാഷ്ട്രയില്‍ എന്‍ഡിഎ ശക്തമാണ്. രാജ് താക്കറയേയും കൂടെ ഒപ്പം കൂട്ടിയാല്‍ കാര്യങ്ങള്‍ ഭദ്രമാവുമെന്ന ചിന്ത ബിജെപിയില്‍ മുന്‍പേ തന്നെയുണ്ട്. അതുകൊണ്ട് തന്നെയാണ് രാജ് താക്കറെയ്ക്ക് ക്ഷണം നല്‍കിയത്. ബിജെപി-ഷിന്ദേ ശിവസേന സഖ്യവുമായി കൈകോര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് എംഎന്‍എസ് വൃത്തങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top