മോദി ‘ഓടുപൊളിച്ചല്ല’ മൂന്നാം തവണയും അധികാരത്തിൽ എത്തിയത്; സക്കർബർഗിൻ്റെ അവകാശവാദത്തിന് എതിരെ കേന്ദ്ര സർക്കാർ

ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലവുമായി ബന്ധപ്പട്ട് മെറ്റ സിഇഒ മാർക്ക് സക്കർബർഗിൻ്റെ അവകാശവാദത്തിന് മറുപടിയുമായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള ഭൂരിഭാഗം രാജ്യങ്ങളിലും അധികാരത്തിലിരുന്ന സർക്കാരുകളും കോവിഡിന് ശേഷമുള്ള തിരരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടുവെന്നായിരുന്നു ഫെയ്സ്ബുക്ക് സ്ഥാപകൻ പറഞ്ഞത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ വിജയം ചൂണ്ടിക്കാട്ടിയാണ് മന്ത്രി മറുപടി നൽകുന്നത്.

“2024 വിവിധ ലോകരാജ്യങ്ങളിലെ അധികാരം നിർണയിക്കുന്ന തിരഞ്ഞെടുപ്പുകൾ നടന്ന വർഷമായിരുന്നു. ഇന്ത്യയിൽ അടക്കം തിരഞ്ഞെടുപ്പ് നടന്നു. എല്ലായിടത്തും അധികാരത്തിൽ ഇരുന്നവർ പരാജയപ്പെട്ടു ഏതെങ്കിലും തരത്തിലുള്ള ആഗോള പ്രതിഭാസമാണോ ഇതിനു കാരണം. പണപ്പെരുപ്പം അല്ലെങ്കിൽ കോവിഡിനെ നേരിടാനുള്ള സാമ്പത്തിക നയങ്ങൾ, വിവിധ സർക്കാരുകൾ കോവിഡിനെ കൈകാര്യം ചെയ്ത രീതികൾ എന്നിവ ആഗോളതലത്തിൽ സ്വാധീനം ചെലുത്തിയതായി തോന്നുന്നു. ജനാധിപത്യ രാജ്യങ്ങളിൽ ഭൂരിഭാഗം എണ്ണത്തിലും അധികാരത്തിൽ ഇരുന്നവർ പരാജയപ്പെട്ടു” – അടുത്തിടെ ജോ റോഗനുമായുള്ള പോഡ്‌കാസ്റ്റിലാണ് ഇത്തരം ഒരു അവകാശവാദം സക്കർബർഗ് ഉന്നയിച്ചത്.

ഇന്ത്യയെ പ്രത്യേകമായി പരാമർശിച്ചുകൊണ്ട് നടത്തിയ അഭിപ്രായങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് നടത്തിയത്. സക്കർബർഗിൻ്റെ പ്രസ്താവനയുടെ വസ്തുതാ വിരുദ്ധത ഉയർത്തിക്കാട്ടിക്കൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ 2024 ലെ തിരഞ്ഞെടുപ്പ് 64 കോടിയിലധികം വോട്ടർമാർ സമ്മതിദാന അവകാശം വിനിയോഗിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിക്ക് ഇന്ത്യയിലെ ജനങ്ങൾ തുടർ ഭരണം നൽകി. കോവിഡ് മഹാമാരിക്ക് ശേഷം നടന്ന 2024ലെ തിരഞ്ഞെടുപ്പുകളിൽ ഇന്ത്യയിൽ ഉൾപ്പെടെ നിലവിലുള്ള സർക്കാരുകൾ പരാജയപ്പെട്ടു എന്നത് വസ്തുതാ വിരുദ്ധമാണ്” – കേന്ദ്ര മന്ത്രി പറഞ്ഞു.

2024 ലെ തിരഞ്ഞെടുപ്പിൽ എൻഡിഎ നിർണായക വിജയം സ്വന്തമാക്കി തുടർച്ചയായി മൂന്നാം തവണയും അധികാരം ഉറപ്പിച്ചു. 80 കോടിയിലധികം പൗരന്മാർക്ക് സൗജന്യ ഭക്ഷണ വിതരണം, ലോകമെമ്പാടും 2.2 ബില്യൺ (220 കോടി) സൗജന്യ വാക്‌സിനുകൾ എത്തിച്ചു നൽകി. മഹാമാരി കാലത്തെ സർക്കാരിൻ്റെ പ്രവർത്തനങ്ങൾ മികച്ച ഭരണത്തിൻ്റെ തെളിവായി കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.

മെറ്റാ സിഇഒ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിലും അശ്വിനി വൈഷ്ണവ് നിരാശ പ്രകടിപ്പിച്ചു. “മെറ്റാ, മിസ്റ്റർ സക്കർബർഗിൽ നിന്ന് തന്നെ തെറ്റായ വിവരങ്ങൾ കാണുന്നത് നിരാശാജനകമാണ്. നമുക്ക് വസ്തുതകളും വിശ്വാസ്യതയും ഉയർത്തിപ്പിടിക്കാം” -അശ്വിനി വൈഷ്ണവ് എക്‌സിൽ കുറിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top