13 സംസ്ഥാനങ്ങൾ നാളെ ബൂത്തിലേക്ക്; മോദിയും രാഹുലും നേര്‍ക്കുനേര്‍; കേരളത്തില്‍ നേരിട്ട് ഏറ്റുമുട്ടി ഇന്ത്യ സഖ്യം; അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷയില്‍ ബിജെപിയും
തിരുവനന്തപുരം: ഏഴ് ഘട്ടങ്ങളായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പാണ് നാളെ നടക്കുന്നത്. 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. കേരളത്തിനൊപ്പം അസം, ബിഹാർ, ഛത്തീസ്ഗഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, രാജസ്ഥാൻ, ത്രിപുര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളാണ് നാളെ ബൂത്തിലേക്ക് നീങ്ങുന്നത്. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്.
കേരളത്തില്‍ 20 മണ്ഡലങ്ങളിലേക്കായി രണ്ടേമുക്കാല്‍ കോടി ജനങ്ങളാണ് വോട്ടുചെയ്യുക. ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെട്ട കക്ഷികളെങ്കിലും സിപിഎമ്മും കോൺഗ്രസും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുകയാണ്. സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരില്‍ മാത്രമാണ് എന്‍ഡിഎ കൂടി ഉള്‍പ്പെട്ട ശക്തമായ ത്രികോണ മത്സരം നടക്കുന്നത്. കേരളത്തില്‍ യുഡിഎഫിന് മുന്‍തൂക്കം പ്രവചിച്ചാണ് തിരഞ്ഞെടുപ്പ് സര്‍വേകള്‍ പുറത്തുവന്നത്. കടുത്ത ഭരണവിരുദ്ധവികാരമാണ് സിപിഎമ്മിന് തിരിച്ചടിയാകുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റുകളില്‍ 19ഉം യുഡിഎഫ് നേടിയിരുന്നു. സർവേകൾ പ്രകാരം ഇത്തവണയും ഇതിൽനിന്ന് വലിയ മാറ്റം ഉണ്ടാകാനിടയില്ല.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സിപിഎമ്മിന് ലഭിച്ച തിരിച്ചടിയാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് പാർട്ടി വിലയിരുത്തിയിരുന്നു. അതുകൊണ്ട് തന്നെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷങ്ങളിൽ കരുതലോടെയാണ് പിന്നീട് സിപിഎം നീങ്ങിയത്. സ്പീക്കര്‍ എ.എന്‍.ഷംസീര്‍ തുടക്കമിട്ട മിത്ത് വിവാദത്തില്‍ പോലും ഈ ജാഗ്രത പ്രകടമായിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടി ഇക്കുറി ലഭിക്കില്ലെന്നും കേരളത്തിലെ പ്രശ്നങ്ങള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിഷയമാകില്ലെന്നുമാണ് സിപിഎം വിലയിരുത്തല്‍. പക്ഷെ ക്ഷേമപെന്‍ഷനുകളും ശമ്പള-പെന്‍ഷന്‍ വിതരണമൊക്കെ മുടങ്ങുന്നതും തിരിച്ചടിയാണ്. ഇതിന്റെ തിരിച്ചടി ഇടതുമുന്നണിക്ക് നേരിടേണ്ടി വരുമെന്നാണ് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നത്. ഭരണവിരുദ്ധവികാരം മറികടക്കാനും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാനും സിപിഎം-ബിജെപി അന്തര്‍ധാര സജീവമാണെന്നും യുഡിഎഫ് ആരോപിക്കുന്നുണ്ട്.
കേരളത്തില്‍ ഇതുവരെയില്ലാത്ത ശ്രദ്ധയാണ് ബിജെപി കേന്ദ്ര നേതൃത്വം പുലർത്തിയത്. പല തവണ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് കേരളത്തില്‍ വന്നു റോഡ് ഷോ നടത്തി. സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരിലും എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി മത്സരിക്കുന്ന പത്തനംതിട്ടയിലും കൃഷ്ണകുമാര്‍ മത്സരിക്കുന്ന പാലക്കാടുമൊക്കെ മനസിരുത്തി പ്രചാരണം നടത്തി. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ മാത്രമായും മോദി കേരളത്തിലെത്തി. ഇക്കുറി രണ്ടക്കം ലഭിക്കുമെന്ന് പ്രധാനമന്ത്രി കേരളത്തില്‍ വന്ന് പ്രസ്താവന നടത്തി. എന്താണ് കേരളത്തിന്റെ മനസിലിരുപ്പ് എന്ന് നാളെ വ്യക്തമാകും. ഈ ഫലത്തിന് ആകാക്ഷയോടെ കാക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും.
ദേശീയ തലത്തില്‍ എന്‍ഡിഎയും ഇന്ത്യാ മുന്നണിയും തമ്മിലാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. നരേന്ദ്രമോദി, രാഹുല്‍ ഗാന്ധി എന്നീ രണ്ട് നേതാക്കള്‍ തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലായി ഇത് മാറിയിട്ടുമുണ്ട്. വർഗീയ വിഷയങ്ങളടക്കം കിട്ടാവുന്ന എല്ലാ ആയുധങ്ങളും എടുത്താണ് ഇരുനേതാക്കളും ഏറ്റുമുട്ടിയത്. രാഹുലിന് മറുപടി കൊടുക്കാന്‍ മോദിയും, തിരിച്ചടിക്ക് രാഹുലും തയ്യാറായതോടെ കടുത്ത വാദപ്രതിവാദങ്ങളാണ് തമ്മില്‍ നടക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 303 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 52 സീറ്റുകളാണ്. മൂന്നാം തവണയും അധികാരത്തിലേക്ക് നീങ്ങുമ്പോൾ ഇക്കുറി 400 സീറ്റുകളാണ് നരേന്ദ്രമോദി ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ ഇത് ഖണ്ഡിച്ച് ബിജെപിക്ക് ലഭിക്കാന്‍ പോകുന്നത് 140 സീറ്റുകളാണ് എന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. ഇതുവരെയില്ലാത്ത തിരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യം. ഓരോ സീറ്റിനും വേണ്ടി കടുത്ത മത്സരമാണ് ലോക്സഭാ മണ്ഡലങ്ങളില്‍ നടക്കുന്നത്.
തിരഞ്ഞെടുപ്പിന് മുൻപേ ആദ്യ സീറ്റ് സൂറത്തില്‍ ബിജെപിക്ക് ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെയാണ് ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ വിജയിച്ചത്. ബിജെപിയുടെ വമ്പന്‍ തിരക്കഥയുടെ ഭാഗമെന്നാണ് പ്രതിപക്ഷം ഈ വിജയത്തെ വിശേഷിപ്പിക്കുന്നത്. കോണ്‍ഗ്രസിന് സ്ഥാനാർത്ഥികളില്ലാതെ വന്നതിന് പിന്നാലെ മറ്റു പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികളും കൂട്ടത്തോടെ പത്രിക പിന്‍വലിച്ചു. ഇതിനെ തുടർന്ന് കിട്ടിയ വിജയത്തെ അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here