ഇതുവരെ കണ്ടത് വികസനത്തിന്റെ ട്രെയിലര്‍, ഇനിയാണ് യഥാര്‍ത്ഥ വികസനമെന്ന് മോദി; കരുവന്നൂരില്‍ പാവങ്ങളുടെ പണം സിപിഎം കൊള്ളയടിച്ചു; മുഖ്യമന്ത്രി നുണ പറയുന്നു

തൃശ്ശൂര്‍: കഴിഞ്ഞ 10 വര്‍ഷം ഇന്ത്യ കണ്ടത് എന്‍ഡിഎ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ട്രെയിലര്‍ മാത്രമാണെന്ന് പ്രധാനമന്ത്രി. ഇനിയുള്ള വര്‍ഷങ്ങളിലാണ് ബിജെപി വികസനത്തിന്റെ യഥാര്‍ത്ഥ കുതിപ്പ് കാണാന്‍ പോകുന്നതെന്നും മോദി പറഞ്ഞു. കുന്ദംകുളത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

“കരുവന്നൂരില്‍ പാവപ്പെട്ടവരുടെ പണം സിപിഎം കൊള്ളയടിച്ചു. ഇവിടുത്തെ സര്‍ക്കാരിനു താത്പര്യം അഴിമതിയാണ്. കോൺഗ്രസ് നേതാവ് യുപിയിലെ കുടുംബ സീറ്റ് വിട്ട് കേരളത്തിൽ അഭയം തേടുകയാണ് ചെയ്തത്. കരുവന്നൂർ വിഷയത്തില്‍ രാഹുൽ ഗാന്ധി എന്തെങ്കിലും പറയുന്നുണ്ടോ? ജയിക്കാൻ വേണ്ടി നിരോധിത സംഘടന കളുമായി വരെ കൂട്ടു ചേരുന്നു. കരുവന്നൂരിലെ പാവങ്ങളുടെ പണം തിരികെ ലഭിക്കാൻ എൻഡിഎ സർക്കാർ ഏതറ്റം വരെയും പോകും. കരുവന്നൂര്‍ തട്ടിപ്പില്‍ പെൺകുട്ടികളുടെ കല്യാണം വരെ മുടങ്ങുന്നു. പണം നഷ്ടമായവർക്ക് അവ തിരികെ ലഭിക്കുമെന്ന് കഴിഞ്ഞ മൂന്നു വർഷമായി മുഖ്യമന്ത്രി നുണ പറയുന്നു.”

“ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ദക്ഷിണേന്ത്യയിലേക്കും വ്യാപിപ്പിക്കും. എക്‌സ്പ്രസ് ഹൈവേ നടപ്പാക്കും. കേരളത്തില്‍ റോഡുവികസനം വേഗത്തിലാക്കും. പുതിയ പാതകള്‍ കൊണ്ടുവരും. സ്വന്തമായി വീടില്ലാത്ത വലിയൊരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും കേരളത്തിലുണ്ട്. അവര്‍ക്ക് പ്രധാനമന്ത്രിയുടെ ഭവനപദ്ധതിയിലൂടെ വീടുകള്‍ വെച്ച് നല്‍കും.”

“ജൽ ജീവൻ മിഷൻ പദ്ധതിക്ക് കേരളത്തിൽ വേഗതയില്ല. എൻഡിഎ അധികാരത്തിലെത്തിയാൽ കേരളത്തിലെ ഓരോ വീട്ടിലും വെള്ളമെത്തും. എൻഡിഎ ഭരണത്തില്‍ രാജ്യം മുന്നോട്ടു പോകുമ്പോൾ കേരളം പിന്നോട്ടു പോവുന്നു. ഇത് ഇടതിന്റെ സ്വഭാവമാണ്, അവർ ഭരിച്ചിരുന്ന സ്ഥലങ്ങളെല്ലാം പിന്നോട്ടായി. കേരളവും ആ വഴിക്കാണ്. ദേശീയ പാത വികസനം പോലും വൈകുന്നു.”

“പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമാണ് കേരളം. എന്നാലിവിടെ വിനോദസഞ്ചാര മേഖല പ്രയോജനപ്പെടുത്തിയിട്ടില്ല. വരുംവര്‍ഷങ്ങളില്‍ കേരളത്തിന്റെ പാരമ്പര്യത്തെ അന്തര്‍ദേശീയവത്കരിക്കും. അടുത്ത അഞ്ചുവര്‍ഷങ്ങള്‍ വികസനത്തിനും സംസ്‌കാരത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്. കേരളത്തിനും ഇതിന്റെ പ്രയോജനങ്ങള്‍ ലഭിക്കും.” – മോദി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top