‘കൊട്ടാരം മാന്ത്രികന്‍ ഇതുവരെ എവിടെയായിരുന്നു’; ദാരിദ്ര്യ നിർമാർജന പ്രശ്നത്തില്‍ രാഹുലിന് എതിരെ പരിഹാസവുമായി മോദി; പ്രതികരണം മധ്യപ്രദേശ് റാലിയില്‍
ഡൽഹി: ദാരിദ്ര്യ നിർമാർജന പ്രശ്നത്തില്‍ രാഹുൽ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി. ഒറ്റയടിക്ക് രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കുമെന്ന പ്രസ്താവനയിലൂടെ കോൺഗ്രസ് എംപി രാജ്യത്തെ അമ്പരപ്പിച്ചു. ഈ കൊട്ടാരം മാന്ത്രികൻ ഇത്രയും വർഷം എവിടെയാണ് ഒളിച്ചിരുന്നതെന്നാണ് മോദി ചോദിച്ചത്. മധ്യപ്രദേശിലെ ഹോഷംഗബാദിൽ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞയാഴ്ച രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് രാഹുലിന്റെ പരാമര്‍ശം വന്നത്. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചാൽ ഒറ്റയടിക്ക് രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിനോടാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.
“2014 നു മുമ്പ് 10 വർഷം അവരാണ് രാജ്യം ഭരിച്ചിരുന്നത്. ഇപ്പോൾ അവർക്ക് ഒരു മന്ത്രം ലഭിച്ചെന്നു പറയുന്നു. ഇത് പാവപ്പെട്ടവരെ പരിഹസിക്കുന്നതിന് തുല്യമല്ലേ. മൂന്നാം തവണയും മോദി പ്രധാനമന്ത്രിയായാൽ രാജ്യം കത്തിയെരിയുമെന്ന് കോൺഗ്രസ് ഭീഷണിപ്പെടുത്തുകയാണ്.അവരുടെ ഹൃദയങ്ങളിൽ അസൂയയാണ്. 140 കോടി ജനങ്ങളുടെ മോദിയോടുള്ള സ്നേഹം കൊണ്ടാണ് ഈ അസൂയ.” – മോദി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here