ഇഡി ഭീഷണിയില്‍ സിപിഎം വീണെന്ന് സതീശന്‍; ത്രികോണമത്സരം നടക്കുന്നത് തൃശൂരില്‍ മാത്രം; കേരളത്തില്‍ മോദി-പിണറായി വിരുദ്ധ തരംഗം; 20 സീറ്റുകളിലും വിജയം യുഡിഎഫിന്

തിരുവനന്തപുരം: കേരളത്തില്‍ തൃശൂരില്‍ മാത്രമാണ് ത്രികോണമത്സരം നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇവിടെ മോദി–പിണറായി വിരുദ്ധ തരംഗമാണെന്നും 20 സീറ്റും യുഡിഎഫ് തൂത്തുവാരുമെന്നും കെപിസിസി ആസ്ഥാനത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ സതീശൻ പറഞ്ഞു.

‘‘തൃശൂരിലെ സിപിഎം നേതാക്കളെ ഇഡി വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയാണ്. അറസ്റ്റ് എന്ന ഇഡി ഭീഷണിയിലാണ് സിപിഎം വീണത്. തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ ഗൂഢാലോചന നടന്നു. സിപിഎം വർഗീയ അജൻഡ സൃഷ്ടിക്കുകയായിരുന്നു. രണ്ട് മന്ത്രിമാർ ഉള്ളപ്പോഴാണ് സിറ്റി പൊലീസ് കമ്മിഷണർ അഴിഞ്ഞാടിയത്. മന്ത്രിമാർക്ക് കമ്മിഷണറെ നിയന്ത്രിക്കാൻ പറ്റില്ലെങ്കിൽ മുഖ്യമന്ത്രിക്കു കഴിയുമായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ എല്ലാ അജൻഡയും പാളി.”

“ഇരുപത് സീറ്റില്‍ താഴെ മത്സരിക്കുന്ന സിപിഎം കേന്ദ്രത്തിൽ അധികാരത്തിൽ വരില്ല. കോൺഗ്രസ് നൂറ് സീറ്റിൽ വിജയിക്കില്ലെന്നു പറയുമ്പോള്‍ ബിജെപി ജയിക്കുമെന്നാണ് സിപിഎം നേതാക്കൾ അർഥമാക്കുന്നത്. ബിജെപിക്ക് നല്ല സ്ഥാനാർഥികളാണെന്നാണ് ഇടതു മുന്നണി കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞത്. രാഹുൽ ഗാന്ധി ഉത്തരേന്ത്യയിൽ മത്സരിക്കാതെ ഒളിച്ചോടി എന്നു പ്രധാനമന്ത്രി പറഞ്ഞതിനു പിറ്റേന്ന് മുഖ്യമന്ത്രി പിണറായി വിജയനും അതേ വാചകം ആവർത്തിച്ചു. ബിജെപിയെ പേടിച്ചാണ് സിപിഎം കഴിയുന്നത്.”

“സർക്കാരിനെതിരെ അതിരൂക്ഷമായ വികാരമുണ്ട്. കേന്ദ്രസർക്കാരിന്റെ നടപടികൾക്കെതിരെ ജനങ്ങളിൽ അരക്ഷിതത്വമുണ്ട്. ഈ രണ്ടു സർക്കാരുകൾക്കെതിരെയുമുള്ള വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കൂട്ടായ പ്രവർത്തനത്തിലൂടെ യുഡിഎഫിനു മികച്ച വിജയം ഉണ്ടാകും.” സതീശന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top