പത്തനംതിട്ട സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയെന്ന് സിപിഎം നേതാവിൻ്റെ കുറിപ്പ്; രാജു എബ്രഹാമിൻ്റെ ഫോട്ടോ പോസ്റ്റുചെയ്ത്, ‘വീട്ടിൽ സ്വർണ്ണം വെച്ചിട്ട് എന്തിന്…’ എന്ന് ചോദ്യം

സ്ഥാനാര്‍ത്ഥി നിർണയം പാളിയെന്ന സൂചന നൽകിയുള്ള ഏരിയ കമ്മിറ്റി അംഗത്തിന്റെ ഫെയ്സ്ബുക്ക്‌ പോസ്റ്റ്‌ പത്തനംതിട്ട സിപിഎമ്മില്‍ പുതിയ വിവാദങ്ങൾക്ക് വഴി തുറന്നു. സംസ്ഥാന കമ്മിറ്റി അംഗവും റാന്നി മുൻ എംഎൽഎയുമായ രാജു എബ്രഹാമിന്റെ ചിത്രം വച്ചാണ് ഏരിയ കമ്മിറ്റി അംഗമായ അൻസാരി അസീസിന്റെ ഫെയ്സ്ബുക്ക്‌ പോസ്റ്റ്. ‘വീട്ടിൽ സ്വർണ്ണം വെച്ചിട്ട് എന്തിന് നാട്ടിൽ തേടി നടപ്പൂ’- എന്നായിരുന്നു പോസ്റ്റ്. പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ പരസ്യവാചകം ഉള്‍പ്പെടുത്തിയുള്ള ഈ പോസ്റ്റ്‌ വിവാദമായതോടെ അൻസാരി അസീസ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

തിരഞ്ഞെടുപ്പ് പ്രചരണത്തെ ചൊല്ലി ജില്ലയിലെ മുതിർന്ന നേതാക്കളായ എ.പത്മകുമാറും, അടൂരിൽ നിന്നുള്ള ജില്ലാക്കമ്മറ്റി അംഗമായ പി.ബി.ഹർഷകുമാറും തമ്മിൽ പാർട്ടി ഓഫീസിൽ വെച്ച് ഏറ്റുമുട്ടിയിരുന്നു. ഒടുവിൽ സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ഇവർ തമ്മിലെ അഭിപ്രായ വ്യത്യാസം പറഞ്ഞൊതുക്കിയത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നു കഴിഞ്ഞിട്ടും പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ കടുക്കുകയാണ്.

25 വർഷം തുടർച്ചയായി റാന്നിയിൽ നിന്ന് സിപിഎം അംഗമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് രാജുഏബ്രഹാം. കോൺഗ്രസിന്‍റെ കുത്തക മണ്ഡലമായിരുന്ന റാന്നിയെ സിപിഎമ്മിന്‍റെ കോട്ടയാക്കി മാറ്റിയതിന് പിന്നിൽ രാജുവിന്‍റെ വ്യക്തിപ്രഭാവവും അത്യദ്ധ്വാനവും പ്രധാന ഘടകമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രാജുവിനെ ഒഴിവാക്കി റാന്നി സീറ്റ് മാണി ഗ്രൂപ്പിന് നല്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജുവിനെ പത്തനംതിട്ടയിലേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അപ്രതീക്ഷിതമായി തോമസ് ഐസക്കിനെ ഇവിടേക്ക് നിയോഗിക്കുകയായിരുന്നു. ക്രൈസ്തവ സഭകൾക്ക് വലിയ സ്വാധീനമുള്ള പത്തനംതിട്ടയിൽ തോമസ് ഐസക്കിന്‍റെ വരവ് കാര്യമായ ചലനമൊന്നും സൃഷ്ടിച്ചില്ല. അതേ സമയം സഭാനേതൃത്വങ്ങളുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് രാജു. അദ്ദേഹത്തിന് സീറ്റ് കൊടുക്കാത്തതിലെ പ്രതിഷേധമാണ് ഫെയ്സ്ബുക്ക് പോസ്റ്റായി വന്നത്.

പത്തനംതിട്ടയില്‍ 66,119 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്റണി വിജയം നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ അനില്‍ ആന്‍റണിക്ക് കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാനായില്ല. 3,67,623 വോട്ടുകളാണ് ആന്‍റോ ആന്‍റണി നേടിയത്. 3,01,504 വോട്ടുകള്‍ തോമസ് ഐസക് നേടിയപ്പോള്‍ അനില്‍ ആന്‍റണി നേടിയത് 2,34406 വോട്ടുകളാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top