പ്രവചന വിദഗ്ധരുടെയും ചെമ്പ് തെളിഞ്ഞു; ബിജെപിക്ക് കേവല ഭൂരിപക്ഷം പോലും ലഭിച്ചില്ല; ഫലിച്ചത് യോഗേന്ദ്ര യാദവിന്റെ പ്രവചനം; പ്രശാന്ത് കിഷോറിന് പാളി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കടുത്ത ആരോപണങ്ങളുമായി ബിജെപിയും കോണ്‍ഗ്രസും പരസ്പരം പോരടിക്കുമ്പോള്‍ സമാന്തരമായി ഏറ്റുമുട്ടിയവരാണ് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ദരായ പ്രശാന്ത് കിഷോറും യോഗേന്ദ്ര യാദവും. ബിജെപി കേവല ഭൂരിപക്ഷം നേടില്ലെന്ന് യോഗേന്ദ്ര യാദവ് തറപ്പിച്ചുപറഞ്ഞപ്പോള്‍ ബിജെപിക്ക് ലഭിച്ച 2019ലെ 303 സീറ്റ് എന്ന തത്‌സ്ഥിതി തുടരുമെന്ന് ഉറപ്പിച്ചു പറയുകയാണ്‌ പ്രശാന്ത് കിഷോര്‍ ചെയ്തത്. യോഗേന്ദ്ര യാദവിനെ കടത്തിവെട്ടി ബിജെപിയുടെ സീറ്റുനില 320 വരെ ഉയർന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.

ആരുടെ പ്രവചനമാണ് ശരി എന്നതിനെക്കുറിച്ച് ഉയര്‍ന്ന ആകാംക്ഷക്ക് ഇന്ന് വിരാമമായി. ഫലിച്ചത് യോഗേന്ദ്ര യാദവിന്റെ പ്രവചനമാണ്. ബിജെപി കേവല ഭൂരിപക്ഷം നേടിയില്ല. 239 സീറ്റുകളില്‍ ഒതുങ്ങി. 272 എന്ന മാന്ത്രിക സംഖ്യ കൈവരിക്കാന്‍ ബിജെപിക്ക് ഇനി സഖ്യകക്ഷികളുടെ സഹായം കൂടിയേ തീരൂ. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് മോദിയെ തോൽപ്പിക്കാൻ പ്രയാസമില്ല എന്നു വാദിച്ച പ്രശാന്ത് കിഷോർ തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് നിലപാട് മാറ്റിയത്. ഇതിനിടെയാണ് യോഗേന്ദ്ര യാദവ് തിരഞ്ഞെടുപ്പ് പ്രവചനവുമായി രംഗത്തുവരുന്നത്.

“ബിജെപിയുടെ സീറ്റുനില കഴിഞ്ഞതവണ ലഭിച്ച 303ന് അടുത്തെത്തില്ല. കേവല ഭൂരിപക്ഷത്തിന് വേണ്ട 272 കിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ 250 സീറ്റിൽ കൂടുതൽ കിട്ടാൻ സാധ്യതയില്ല. ഒരുപക്ഷേ, 230 സീറ്റിലും താഴേക്കു പോയേക്കാം.” യോഗേന്ദ്ര യാദവ് പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ യഥാര്‍ത്ഥ ചിത്രമാണ് യോഗേന്ദ്ര യാദവ് പുറത്തുവിട്ടതെന്ന് ഇപ്പോള്‍ വ്യക്തമാവുകയാണ്. പ്രശാന്ത് കിഷോർ എന്ന തിരഞ്ഞെടുപ്പ് വിശകലന വിദഗ്ദനെ സംബന്ധിച്ച് സംശയങ്ങളും ഉയരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top