പൊതുരംഗത്ത് നിന്നും വിട്ടുനില്‍ക്കുമെന്ന് കെ.മുരളീധരന്‍; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനി ഇല്ല; തൃശൂരിലെ തോല്‍വിയില്‍ വൈകാരിക പ്രതികരണവുമായി കെഎം

തൃശൂരിലെ തോല്‍വിയെക്കുറിച്ച് വൈകാരികമായ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃശൂരിലെ ലോക്സഭാ സ്ഥാനാര്‍ത്ഥിയുമായ കെ.മുരളീധരന്‍ രംഗത്ത്. ഇനിയൊരു മത്സരത്തിനു താത്പര്യമില്ലെന്ന് മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം.

“മത്സരിക്കാനുള്ള മൂഡ്‌ നഷ്ടമായി. അതിനാല്‍ പൊതുരംഗത്തു നിന്നും വിട്ടുനില്‍ക്കുകയാണ്. എനിക്ക് വിഷമമുണ്ടാക്കിയ കാര്യമുണ്ട്. സുരേഷ് ഗോപിക്ക് വേണ്ടി മൂന്നു തവണ പ്രധാനമന്ത്രി വന്നു. സുനില്‍ കുമാറിന് വേണ്ടി പലയിടത്തും പിണറായി വിജയന്‍ വന്നു. എനിക്ക് വേണ്ടി ഡി.കെ.ശിവകുമാര്‍ സൂര്യന്‍ കത്തി നില്‍ക്കുന്ന സമയത്ത് വന്നു. ഇനി അതിനെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. രാഹുല്‍ ഗാന്ധി ഭക്ഷ്യവിഷബാധ കാരണം വരാതിരുന്നതാണ്. ഒരുപാട് നേതാക്കള്‍ വേറെയുണ്ടായിരുന്നു. രാഷ്ട്രീയം പൂര്‍ണമായി നിര്‍ത്തിയുള്ള പരിപാടിയില്ല. തത്കാലം ഒഴിഞ്ഞു നില്‍ക്കുന്നു എന്ന് മാത്രം. സ്വരം നന്നാകുമ്പോള്‍ പാട്ട് നിര്‍ത്തണം. ഞാന്‍ മാറി ഷാഫി പറമ്പില്‍ വടകരയില്‍ മത്സരിച്ചപ്പോള്‍ ഭൂരിപക്ഷം കൂടി. ഇനി അടുത്ത തവണ തൃശൂരില്‍ ചെറുപ്പക്കാര്‍ വരട്ടെ. ഇനി മത്സര രംഗത്തില്ല.”

“തൃശൂരിലെ പരാജയത്തിന് കാരണം ഉറപ്പായും കിട്ടുമെന്ന് പ്രതീക്ഷിച്ച ന്യൂനപക്ഷ വോട്ടുകളിലെ വിള്ളലാണ്. മുസ്ലീം വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് കിട്ടിയില്ല. ചില നിയോജക മണ്ഡലങ്ങളിൽ മുസ്ലീം വോട്ടുകള്‍എൽഡിഎഫിനൊപ്പം നിന്നു. ഇതാണ് ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞത്. മുന്നോക്ക സമുദായത്തിന്റെ ഏതാണ്ട് മുഴുവൻ വോട്ടുകളും ക്രൈസ്തവ വോട്ടുകളും ബിജെപിക്ക് സമാഹരിക്കാൻ കഴിഞ്ഞു. എൽഡിഎഫ് സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം വോട്ടായപ്പോൾ അതിൻ്റെ ഗുണം യുഡിഎഫിനൊപ്പം ബിജെപിക്കും കിട്ടി. കേന്ദ്രവിരുദ്ധ വികാരം വോട്ടാക്കാൻ 18 മണ്ഡലങ്ങളിലും യുഡിഎഫിന് കഴിഞ്ഞു.”

“തൃശൂരിൽ മാത്രമല്ല കേരളത്തിൽ പലയിടത്തും ബിജെപിയുടെ സാന്നിധ്യം ശക്തമാണ്. ആറ്റിങ്ങലിൽ വലിയ വ്യത്യാസമില്ലാതെ ബിജെപി എൽഡിഎഫിന് അടുത്തെത്തി. ആലപ്പുഴയിൽ ശോഭാ സുരേന്ദ്രന് കഴിഞ്ഞ തവണത്തേക്കാൾ വലിയ മുന്നേറ്റമുണ്ടായി. ഒ.രാജ​ഗോപാലിന് ശേഷം രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. രണ്ടു മുന്നണികൾക്കൊപ്പം ബിജെപിയുടെ സാന്നിധ്യം ഉണ്ടായി. ഇത് വളരെ ജാ​ഗ്രതയോടെ ശ്രദ്ധിക്കേണ്ട കാര്യമാണ്.” – മുരളീധരന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top