‘മത്സ്യം കഴിക്കുന്ന തേജസ്വി സൂര്യ’; നടി കങ്കണ റണൗട്ടിന് നാക്കുപിഴ; ആളുമാറി വിമര്‍ശിച്ചത് സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ; ‘ഏതാണ് ഈ സ്ത്രീ’ പരിഹാസവുമായി തേജസ്വി യാദവും

ഡല്‍ഹി: ബോളിവുഡ് നടിയും ഹിമാചലിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണൗട്ടിന് അബദ്ധം പറ്റിയപ്പോള്‍ വിമര്‍ശനം ചെന്ന് കൊണ്ടത് സ്വന്തം പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥിക്ക്. ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ ലക്ഷ്യമിട്ടുള്ള വിമര്‍ശനമാണ് പേരുമാറി ബെംഗളൂരു സൗത്ത് ബിജെപിസ്ഥാനാര്‍ഥിയും യുവമോര്‍ച്ച മുന്‍ ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യക്ക് ചെന്ന് കൊണ്ടത്.

തേജസ്വി യാദവ് നവരാത്രിദിവസങ്ങളില്‍ മീന്‍ കഴിച്ചെന്ന ആരോപണം ബിജെപി ഉയര്‍ത്തിയിരുന്നു. ഇത് ഏറ്റുപിടിച്ചാണ് തേജസ്വി യാദവിനെതിരെ കങ്കണ പ്രസംഗിച്ചത്. പക്ഷെ പ്രസംഗത്തില്‍ പേര് പറഞ്ഞത് തേജസ്വി സൂര്യ എന്നായിരുന്നു.

“പരാജയപ്പെട്ട യുവരാജാക്കന്മാരുടെ പാര്‍ട്ടിയുണ്ട്. എവിടെയാണ് പോകേണ്ടതെന്ന് അവര്‍ക്കുതന്നെ അറിയില്ല. അത് ചന്ദ്രനില്‍ ഉരുളക്കിഴങ്ങ് വളര്‍ത്താന്‍ ആഗ്രഹിക്കുന്ന രാഹുല്‍ഗാന്ധിയാവട്ടെ, ഗുണ്ടായിസം കാണിക്കുകയും മത്സ്യം കഴിക്കുകയുംചെയ്യുന്ന തേജസ്വി സൂര്യയാവട്ടെ’, എന്നായിരുന്നു കങ്കണയുടെ വാക്കുകള്‍.

കങ്കണയുടെ വീഡിയോ പങ്കുവെച്ച് പരിഹാസവുമായി തേജസ്വി യാദവും രംഗത്തെത്തി. ‘ഇതേതാണ് ഈ സ്ത്രീ’ എന്നായിരുന്നു തേജസ്വിയുടെ ചോദ്യം. കങ്കണയുടെ നാക്കുപിഴയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഉയരുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top