ഏപ്രില്‍ 26 വെള്ളിയാഴ്ച ദിവസം വോട്ടെടുപ്പ് മാറ്റണം; മുസ്ലീം സംഘടനകളില്‍ പ്രതിഷേധം വ്യാപിക്കുന്നു; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി പ്രവാഹം

തിരുവനന്തപുരം: കേരളത്തില്‍ ഏപ്രിൽ 26 വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകളില്‍ പ്രതിഷേധം വ്യാപിക്കുന്നു. തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പുന:പരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ഓൺലൈനിൽ കാന്തപുരം എ പി. അബൂബക്കർ മുസ്ലിയാർ,സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി,വണ്ടൂർ അബ്ദുൽറഹ്മാൻ ഫൈസി,എൻ.അലിഅബ്ദുല്ല,മജീദ് കക്കാട് ,സി.പി.സൈതലവി മാസ്റ്റർ എന്നിവര്‍ സംബന്ധിച്ച മീറ്റിംഗിലാണ് ആവശ്യം ഉന്നയിച്ചത്.

ജുമുഅ ദിവസത്തെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് ചുമതലയുള്ള മുസ്‌ലിം ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും വലിയ പ്രയാസം സൃഷ്ടിക്കും. പോളിംഗ് എജന്‍റുമാരായ വിശ്വാസികൾക്കും അസൗകര്യമുണ്ടാക്കുന്നതാണ്. അതിനാല്‍ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാണ് കേരള മുസ്ലിം ജമാഅത്ത് ആവശ്യം.

വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നതിനെതിരെ ലീ​ഗും സമസ്തയും എതിര്‍പ്പുമായി രംഗത്തുണ്ട്. വെള്ളിയാഴ്ച പോളിം​ഗ് അസൗകര്യം സൃഷ്ടിക്കുമെന്നാണ് ലീ​ഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കിയത്. ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപെടുത്തുമെന്നും പിഎംഎ സലാം പറഞ്ഞു. വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമസ്ത കത്തയച്ചിട്ടുണ്ട്. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാരുമാണ് കത്തയച്ചത്. ഏപ്രിൽ 26ന് നിശ്ചയിച്ച തിരഞ്ഞെടുപ്പ് തീയതി മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കണമെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ ഏപ്രില്‍ 26 വെള്ളിയാഴ്ചയാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 543 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. 7 ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിലാണ് കേരളത്തിലെ വോട്ടെടുപ്പ്. ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top