തിരുവനന്തപുരം, ആറ്റിങ്ങല്‍ ഫോട്ടോ ഫിനിഷ്; ജയിച്ചെങ്കിലും തരൂരിനും അടൂര്‍ പ്രകാശിനും ലഭിച്ചത് കടുത്ത തിരിച്ചടി; അവസാനം വരെ ഉദ്വേഗം നിറച്ച് വോട്ടെണ്ണല്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇക്കുറി ഏറ്റവും കടുത്ത പോരാട്ടം നടന്ന രണ്ട് മണ്ഡലങ്ങള്‍ തിരുവനന്തപുരവും ആറ്റിങ്ങലുമാണ്. രണ്ടിടത്തും ഫോട്ടോ ഫിനിഷിലാണ് വിജയികള്‍ ജയിച്ചുകയറിയത്. തിരുവനന്തപുരത്ത് ഇക്കുറി ശശി തരൂരിനു കഷ്ടിച്ച വിജയമാണ് ലഭിച്ചത്. കഴിഞ്ഞ തവണ ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ ഇക്കുറി വെറും 15000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാജീവ് ചന്ദ്രശേഖറിനെതിരെ തരൂരിന്റെ ജയം.

ആറ്റിങ്ങലില്‍ കഴിഞ്ഞ തവണ അരലക്ഷത്തിനടുത്ത് വോട്ടുകള്‍ക്കാണ് ഇടതുമുന്നണിയിലെ എ.സമ്പത്തിനെ പരാജയപ്പെടുത്തി അടൂര്‍ പ്രകാശ് മണ്ഡലം പിടിച്ചത്. എന്നാല്‍ ഇക്കുറി എല്‍ഡിഎഫിന്റെ വി.ജോയിയോട് കഷ്ടിച്ചാണ് അടൂര്‍ പ്രകാശ് വിജയം നേടിയത്. വെറും 2000ത്തില്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്.

തിരുവനന്തപുരത്ത് തുടക്കം മുതല്‍ ലീഡ് നിലകള്‍ മാറിമറിഞ്ഞു. നിരവധി തവണ തരൂരും രാജീവ് ചന്ദ്രശേഖറും മാറി മാറി മുന്നിലെത്തി. അവസാനം ഘട്ടത്തിലാണ് തരൂര്‍ പതിനായിരം വോട്ടിന് മുന്നിലെത്തിയത്. 15000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കഷ്ടിച്ചാണ്‌ ജയിച്ച് കയറിയത്.

2019 ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് കുമ്മനം രാജശേഖരന്‍ നേടിയത് 316142 വോട്ടുകളാണ്. എന്നാല്‍ ഇക്കുറി രാജീവ് ചന്ദ്രശേഖര്‍ 337920 വോട്ടുകള്‍ നേടി. കഴിഞ്ഞ തവണ 416131 വോട്ടുകള്‍ തരൂര്‍ നേടിയപ്പോള്‍ ഇക്കുറി തരൂരിന് ലഭിച്ചത് 353679 വോട്ടുകളാണ്. ഏതാണ്ട് അരലക്ഷത്തിലേറെ വോട്ടുകളുടെ കുറവ്. കുമ്മനം രാജശേഖരനെക്കാള്‍ കൂടുതല്‍ തരൂരിന് വെല്ലുവിളി ഉയര്‍ത്താന്‍ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞു. തരൂരിന്റെ ഭൂരിപക്ഷം അഞ്ചിലൊന്നായാണ് കുറഞ്ഞത്. അവസാനം വരെ മുള്‍മുനയിലാവുകയും ചെയ്തു. ജയിച്ചു എന്നുറപ്പായതിനെ തുടര്‍ന്നാണ് തരൂര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് ഇറങ്ങിയത്.

ഏറ്റവും ശക്തമായ ത്രികോണ മത്സരമാണ് ആറ്റിങ്ങലില്‍ നടന്നത്. ലീഡ് നില നിരന്തരം മാറിമറിഞ്ഞ മത്സരം ഫോട്ടോ ഫിനിഷിലേക്കാണ് മാറിയത്. ആകാംക്ഷ വോട്ടെണ്ണലിന്റെ അവസാനം വരെ നിലനില്‍ക്കുകയും ചെയ്തു. ആശ്വാസ നിശ്വാസ മുതിര്‍ത്താണ് അടൂര്‍ പ്രകാശ് ജയത്തിന് ഒടുവില്‍ മാധ്യമങ്ങളെ കണ്ടത്. അപരന്മാരെ നിര്‍ത്തി തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന കുറ്റപ്പെടുത്തലൊക്കെ നടത്തി ഒരു അവകാശവാദവും ഉയര്‍ത്താതെയാണ് വിജയത്തെക്കുറിച്ച് സംസാരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top