എന്തുകൊണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല; മനസ് തുറന്ന് പ്രിയങ്ക; റായ്ബറേലിയില്‍ നേരിട്ട് പ്രചാരണം നടത്തേണ്ടതുണ്ട്; വഡോദരയില്‍ നിന്നും മോദി ഒളിച്ചോടിയോ എന്നും ചോദ്യം

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നതില്‍ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി. താനും രാഹുൽ ഗാന്ധിയും തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് പ്രിയങ്ക പറഞ്ഞു. രണ്ടുപേര്‍ക്കും കുറഞ്ഞത് 15 ദിവസമെങ്കിലും ഇരു മണ്ഡലങ്ങളിലുമായി പ്രചാരണം നടത്തേണ്ടി വരുമായിരുന്നു. രാജ്യത്തുടനീളം പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്താന്‍ ആഗ്രഹിക്കുന്നതിനാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല-പ്രിയങ്ക പറഞ്ഞു.

“ഗാന്ധി കുടുംബത്തിന് റായ്ബറേലിയുമായി ഉള്ളത് പഴയ ബന്ധമാണ്. 15 ദിവസമായി റായ്ബറേലിയിൽ ഞാന്‍ പ്രചാരണം നടത്തുന്നു. ഞങ്ങൾ ഇവിടെ വന്ന് വോട്ടര്‍മാരെ കണ്ട് സംസാരിക്കണം എന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. ഇവിടെ വന്നു പ്രചാരണം നടത്താതെ റായ്ബറേലിയില്‍ ജയിക്കാന്‍ കഴിയില്ല. ഞാൻ ഒരിക്കലും ഒരു പാര്‍ലമെന്റേറിയന്‍ ആകണമെന്നോ തിരഞ്ഞെടുപ്പിൽ മത്സരിക്കണമോ എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. കോണ്‍ഗ്രസ് തരുന്ന ഏത് റോളിലും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ഞാന്‍ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ജനങ്ങള്‍ക്ക് തോന്നുന്നുവെങ്കിൽ മത്സരിക്കും. പ്രധാനമന്ത്രി മോദി എന്തുകൊണ്ടാണ് 2014ന് ശേഷം വഡോദരയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തത്? അദ്ദേഹം ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ?” പ്രിയങ്ക പറഞ്ഞു.

അമേഠിയിൽ മത്സരിക്കാതെ ഒളിച്ചോടിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവ രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ചിരുന്നു. 2019ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്മൃതി ഇറാനി 55,000 വോട്ടുകള്‍ക്കാണ് മൂന്ന് തവണ എംപിയായ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയത്. വയനാടിന് പുറമെയാണ് കുടുംബ മണ്ഡലമായ റായ്ബറേലിയിൽനിന്നുകൂടി രാഹുൽ ഗാന്ധി മത്സരിക്കുന്നത്. റായ്ബറേലിയെ പ്രതിനിധാനം ചെയ്തിരുന്നത് സോണിയ ഗാന്ധിയാണ്. സോണിയ രാജ്യസഭയിലേക്ക് മാറിയതോടെയാണ് രാഹുല്‍ ഗാന്ധിയെ മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top