അപ്രതീക്ഷിത മുന്നേറ്റം നടത്തി രാജീവും ശോഭയും മുരളീധരനും; ബിജെപി നേതാക്കള്‍ നേടിയത് മൂന്നു ലക്ഷത്തിലധികം വോട്ടുകള്‍; ശ്രദ്ധ പിടിച്ചുപറ്റി നടത്തിയത് മിന്നുന്ന പ്രകടനങ്ങള്‍

കേരളത്തിലെ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് നിര്‍ത്താന്‍ കഴിയുന്ന മികച്ച സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് ശോഭാ സുരേന്ദ്രന്‍. മത്സരിച്ച തിരഞ്ഞെടുപ്പുകളില്‍ എല്ലാം വോട്ടുയര്‍ത്തിയ ചരിത്രമാണ് ശോഭയുടേത്. ആലപ്പുഴ ലോക്സഭാ സീറ്റില്‍ ഇക്കുറി മൂന്നു ലക്ഷത്തിനടുത്ത് വോട്ടുകളാണ് ശോഭ നേടിയത്. അപ്രതീക്ഷിതമായി തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എത്തിയ രാജീവ് ചന്ദ്രശേഖര്‍ നേടിയത് മൂന്നര ലക്ഷം വോട്ടുകളാണ്. രണ്ടാം സ്ഥാനത്ത് ഏത്താനും അദ്ദേഹത്തിന് കഴിഞ്ഞു. രാജീവ് ചന്ദ്രശേഖറിന് മുന്നില്‍ വെറും 15000 വോട്ടുകള്‍ക്കാണ് തരൂരിന് ജയിക്കാന്‍ കഴിഞ്ഞതും. ആറ്റിങ്ങലില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നു ആദ്യമേ കരുതിയിരുന്ന വി.മുരളീധരനും പ്രകടനത്തില്‍ മോശമായില്ല. മൂന്നു ലക്ഷത്തിലേറെ വോട്ടുകളാണ് മണ്ഡലത്തില്‍ നേടിയത്. ആറ്റിങ്ങലില്‍ വിജയം ഫോട്ടോ ഫിനിഷിലേക്ക് എത്തിക്കാന്‍ ഇടയാക്കിയത് മുരളീധരന്റെ ഈ ശക്തമായ പ്രകടനമാണ്. ആറ്റിങ്ങലില്‍ രണ്ടായിരത്തില്‍ താഴെ വോട്ടുകള്‍ക്ക് മാത്രമാണ് യുഡിഎഫിന്റെ അടൂര്‍ പ്രകാശ് ജയിച്ചത്.

ആലപ്പുഴയില്‍ ഇക്കുറി മൂന്നു ലക്ഷത്തോളം വോട്ടുകളാണ് ശോഭാ സുരേന്ദ്രന്‍ നേടിയത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡോ.കെ.എസ്.രാധാകൃഷ്ണനെക്കാള്‍ ഒരു ലക്ഷത്തിലേറെ വോട്ടാണ് അധികം നേടിയത്. 2019ല്‍ ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ മത്സരിച്ചപ്പോഴും രണ്ടര ലക്ഷം വോട്ട് നേടാന്‍ ശോഭയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് മത്സരിച്ചപ്പോഴും രണ്ടാം സ്ഥാനത്ത് എത്താന്‍ ശോഭയ്ക്ക് കഴിഞ്ഞിരുന്നു.

തിരുവനന്തപുരത്ത് തീര്‍ത്തും അപ്രതീക്ഷിതമായാണ് രാജീവ് ചന്ദ്രശേഖര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടത്. ശശി തരൂരും ഇടത് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രനും പ്രചാരണത്തില്‍ ബഹുദൂരം മുന്നിലായിരിക്കെയാണ് രാജീവ് ചന്ദ്രശേഖര്‍ പ്രചാരണം ആരംഭിക്കുന്നത്. പക്ഷെ തരൂരിന് ഒപ്പം നില്‍ക്കുന്ന സ്ഥാനാര്‍ഥിയായി മാറാന്‍ വളരെ പെട്ടെന്ന് തന്നെ രാജീവിന് കഴിഞ്ഞു. കഴിഞ്ഞ തവണ ഒരു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ച തരൂരിന് ഇക്കുറി ഭൂരിപക്ഷം അഞ്ചിലൊന്നായി കുറഞ്ഞു. ഇത് തന്നെ രാജീവിന്റെ വ്യക്തിപ്രഭാവത്തിനും പോരാട്ടവീര്യത്തിനുമുള്ള തെളിവാകുന്നു. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് മത്സരിച്ച കുമ്മനം രാജശേഖരനെക്കാള്‍ വോട്ട് നേടാനും രാജീവിന് കഴിഞ്ഞു.

ആറ്റിങ്ങലില്‍ വി.മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നു ആദ്യമേ സൂചനയുണ്ടായിരുന്നു. മൂന്നാമത് ആണ് എത്തിയതെങ്കിലും മൂന്നു ലക്ഷത്തിലധികം വോട്ട് നേടാന്‍ മുരളീധരന് കഴിഞ്ഞു. കഴിഞ്ഞ തവണ ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്‍ നേടിയത് രണ്ടര ലക്ഷം വോട്ടുകളാണ്. എന്നാല്‍ ഇക്കുറി അത് മൂന്നു ലക്ഷത്തിനു മുകളിലേക്ക് ഉയര്‍ത്താന്‍ മുരളീധരന് കഴിഞ്ഞു. ഇക്കുറി ബിജെപി നിര്‍ത്തിയ കരുത്തുറ്റ സ്ഥാനാര്‍ത്ഥികളായി മൂവരും മാറുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top