മുഖ്യമന്ത്രി പറഞ്ഞത് ഡ്യൂപ്ലിക്കേറ്റ് ശിവനെക്കുറിച്ചെന്ന് സതീശന്‍; ഇപിയെ കരുവാക്കി പിണറായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു; മറ നീക്കിയത് സിപിഎം-ബിജെപി ബന്ധം

കൊച്ചി: സിപിഎം-ബിജെപി ബന്ധം ഇപ്പോള്‍ മറ നീക്കി പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെയെന്നും സതീശന്‍ പറഞ്ഞു.

“പിടിക്കപ്പെട്ടുവെന്ന് കണ്ടപ്പോള്‍ കൂട്ടുപ്രതിയെ തള്ളിപ്പറയുകയാണ്. താനും എത്രയോ തവണ ജാവഡേക്കറിനെ കണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നുണ്ട്. മുഖ്യമന്ത്രി എന്തിനാണ് ജാവഡേക്കറെ പല തവണ കണ്ടത്? ഇ.പി.ജയരാജന്റെ വീട്ടിലേക്ക് പ്രകാശ് ജാവഡേക്കര്‍ എന്തിനാണ് പോയത്? ശിവന്റെ കൂടെ പാപി ചേര്‍ന്നാല്‍ പാപിയും ശിവനാകുമെന്നാണ് പറയുന്നത്.”

“യഥാര്‍ഥ ശിവനാണെങ്കില്‍ പാപി കത്തിയെരിഞ്ഞ് പോകും. ഇത് ഡ്യൂപ്ലിക്കേറ്റ് ശിവനാണ്. പിശാചിന്റെ കൂടെ പിശാച് ചേര്‍ന്നാല്‍ പിശാച് ഒന്നു കൂടി പാപിയാകും. ശിവന്റെ കൂടെ പാപി ചേര്‍ന്നാല്‍ പാപിയും ശിവനാകുമെന്നത് എന്ത് പഴഞ്ചൊല്ലാണ്? കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തോല്‍പ്പിക്കാന്‍ കേരളത്തിലെ സിപിഎം നേതാക്കളും ബിജെപി നേതാക്കളും തമ്മില്‍ നിരന്തരമായ ചര്‍ച്ച നടക്കുകയാണ്.”

“മുഖ്യമന്ത്രിക്ക് ദല്ലാള്‍ നന്ദകുമാറിനോട് മാത്രമെ വിരോധമുള്ളൂ. വി.എസ് അച്യുതാനന്ദന്‍-പിണറായി പോരാട്ട കാലത്ത് അച്യുതാനന്ദന്റെ കൂടെയുണ്ടായിരുന്ന ആളാണ് നന്ദകുമാര്‍. അതുകൊണ്ടാണ് പിണറായിക്ക് ദേഷ്യം. നന്ദകുമാറും അച്യുതാനന്ദനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് 2011ല്‍ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞ ആളാണ് ഞാന്‍. പല സിപിഎം നേതാക്കളുമായും നന്ദകുമാറിന് ബന്ധമുണ്ട്. എന്നിട്ടാണ് ഏത് നന്ദകുമാറെന്ന് ഇ.പി.ജയരാജന്‍ ചോദിച്ചത്. നന്ദകുമാറിന്റെ വീട് സന്ദര്‍ശിച്ച് നന്ദകുമാറിന്റെ അമ്മയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തയാളാണ് ജയരാജന്‍.”

“ഒരു സീറ്റ് പോലും ജയിക്കില്ലെന്ന് മുഖ്യമന്ത്രിക്ക് ഇപ്പോള്‍ മനസിലായി. ഇ.പി ജയരാജനെ വെറുക്കപ്പെട്ടവനാക്കി മാറ്റി തിരഞ്ഞെടുപ്പ് തോറ്റതിനുള്ള കാരണക്കാരനാക്കി മാറ്റാനാണ് പിണറായി ശ്രമിക്കുന്നത്. യുഡിഎഫ് പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ശരിയാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.” – സതീശന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top