വയനാട്ടില്‍ രാഹുലിന്റെ ഭൂരിപക്ഷം കുറയുമോ; ഭൂരിപക്ഷം അഞ്ച് ലക്ഷം കടക്കുമെന്ന അവകാശവാദത്തിന് പോളിംഗിലെ കുറവ് തിരിച്ചടി; പ്രതീക്ഷയില്‍ ഇടതുമുന്നണിയും എന്‍ഡിഎയും

കല്‍പ്പറ്റ: വയനാട്ടില്‍ പോളിങ് ശതമാനം കുറഞ്ഞത് രാഹുലിന്റെ ഭൂരിപക്ഷത്തെ ബാധിക്കുമോ എന്ന ആശങ്കയില്‍ യുഡിഎഫ് ക്യാംപ്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഏഴു ശതമാനമാണ് പോളിങ് കുറഞ്ഞത്. നാലര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുലിന് കഴിഞ്ഞ തവണ വയനാട്ടില്‍ നിന്നും ഭൂരിപക്ഷം ലഭിച്ചത്. ഇക്കുറി അത് അഞ്ച് ലക്ഷം കടക്കുമെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. പോളിങ് ശതമാനത്തിലെ കുറവ് ഈ അവകാശവാദത്തിന് തിരിച്ചടിയാകുമെന്ന ആശങ്ക കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുണ്ട്.

യുഡിഎഫിനായി രാഹുല്‍ ഗന്ധിയും ഇടതുമുന്നണിക്ക് വേണ്ടി സിപിഐയുടെ ദേശീയ നേതാവ് ആനി രാജയുമാണ് ഇവിടെ നേരിട്ട് ഏറ്റുമുട്ടിയത്. പ്രചാരണത്തിന്റെ ചിത്രം തെളിഞ്ഞതോടെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും എത്തുന്നത്.

വയനാട്ടില്‍ രാവിലെ കണ്ട കനത്ത പോളിങ് ഉച്ചയ്ക്ക് ശേഷം ദൃശ്യമായില്ല. 15 ലക്ഷത്തോളമുള്ള വോട്ടര്‍മാരില്‍ പതിനൊന്ന് ലക്ഷത്തോളം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. 73.48 ശതമാനമാണ് പോളിങ്. ഒരു ലക്ഷം പുതിയ വോട്ടര്‍മാര്‍ ഇക്കുറി ഉണ്ടായിട്ടും അവസ്ഥ മെച്ചപ്പെട്ടില്ല. രാഹുലിന് വന്‍ ഭൂരിപക്ഷം ലഭിച്ച മണ്ഡലങ്ങളില്‍ പോളിങ് കുറഞ്ഞിട്ടുണ്ട്. ഇതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആശങ്കയും പങ്ക് വയ്ക്കുന്നുണ്ട്‌.

പ്രചാരണത്തിലെ മേല്‍ക്കൈ ആനി രാജയ്ക്ക് ഗുണമാകുമെന്ന പ്രതീക്ഷയിലാണ് ഇടത് ക്യാംപ്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇക്കുറി മണ്ഡലത്തിലുണ്ടായ രാഹുല്‍ വിരുദ്ധ പ്രചാരണത്തിലും പ്രതീക്ഷയര്‍പ്പിക്കുകയാണ് ഇടതുമുന്നണി. പോളിങ് കുറഞ്ഞാല്‍ അത് ഗുണമാകുമെന്ന വിലയിരുത്തലും ഇടതുമുന്നണിക്കുണ്ട്. കെ.സുരേന്ദ്രന്റെ പ്രചാരണത്തിനെത്തിച്ചതെന്ന് ആരോപിച്ച് കിറ്റുകള്‍ പോലീസ് പിടിച്ചത് തിരിച്ചടിയായെങ്കിലും കെ.സുരേന്ദ്രന്‍ മികച്ച പോരാട്ടം നടത്തിയെന്ന വിലയിരുത്തലാണ് ബിജെപി കേന്ദ്രങ്ങള്‍ക്കുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top