ഹിന്ദുവിന്റെ പേരില്‍ അക്രമം നടക്കുന്നെന്ന് രാഹുല്‍; മാപ്പ് പറയണമെന്ന് അമിത് ഷാ; ലോക്സഭയിൽ ബഹളം
പ്രതിപക്ഷ നേതാവെന്ന നിലയില്‍ ലോക്സഭയിൽ രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രസംഗം തന്നെ ഭരണപക്ഷ-പ്രതിപക്ഷ ബഹളത്തില്‍ കലാശിച്ചു. ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍ സംസാരിച്ചതോടെയാണ് എന്‍ഡിഎ ബെഞ്ചുകള്‍ ബഹളവുമായി എഴുന്നേറ്റത്. ഹിന്ദുവിന്റെ പേരിലുള്ള ആക്രമണത്തെക്കുറിച്ച് രാഹുല്‍ പറഞ്ഞുതുടങ്ങിയതോടെ ബഹളം തുടങ്ങി.
ഹിന്ദുവെന്നു അവകാശപ്പെടുന്നവര്‍ വെറുപ്പ് പറയില്ല. നിങ്ങള്‍ അക്രമത്തില്‍ ഏര്‍പ്പെടുന്നുവെന്ന രാഹുലിന്റെ പരാമര്‍ശമാണ് ബഹളത്തില്‍ കലാശിച്ചത്. ശിവന്റെ ചിത്രം ഉയര്‍ത്തിക്കാട്ടി ഈ അഭയമുദ്രയാണ് കോണ്‍ഗ്രസിന്റെ ചിഹ്നമെന്ന് രാഹുല്‍ പറഞ്ഞു.
രാഹുലിന് അഭയമുദ്രയെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്നും രാഹുല്‍ മാപ്പ് പറയണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. . രാഹുലിന് മറുപടിയുമായി പ്രധാനമന്ത്രിയും എഴുന്നേറ്റു. “മുഴുവൻ ഹിന്ദു സമൂഹത്തെയും അക്രമാസക്തമെന്ന് വിളിക്കുന്നത് വളരെ ഗുരുതരമായ കുറ്റമാണ്.” മോദി പറഞ്ഞു. രാഹുല്‍ ചട്ടമനുസരിച്ച് സംസാരിക്കണം എന്ന് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.
നീറ്റ്-യുജി പേപ്പർ ചോർച്ചയെക്കുറിച്ച് ഏകദിന ചര്‍ച്ച വേണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്പീക്കർ ഓം ബിർള പ്രത്യേക ഏകദിന ചർച്ച ഒഴിവാക്കി. നീറ്റ് ചർച്ചയ്ക്ക് അംഗങ്ങൾക്ക് പ്രത്യേകം നോട്ടീസ് നൽകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനെ തുടര്‍ന്ന് പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാക്കൾ ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here