ലോക കേരളസഭയ്ക്ക് ഇന്ന് സമാപനം; സമ്മേളനം നടന്നത് കുവൈത്ത് ദുരന്തത്തിന്‍റെ ദുഃഖഛായയില്‍; യൂസഫലി അടക്കമുള്ളവര്‍ പങ്കെടുക്കാത്തത് ശോഭയും കെടുത്തി
വിവാദങ്ങളുടെ അകമ്പടിയോടെ എത്തിയ ലോക കേരളസഭയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനമാകും. കുവൈത്ത് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സഭ മാറ്റിവയ്ക്കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും അതെല്ലാം തള്ളിക്കളഞ്ഞാണ് സര്‍ക്കാര്‍ ലോകകേരള സഭ ഇക്കുറി നടത്തിയത്.
കുവൈത്ത് ദുരന്തത്തില്‍ കൊല്ലപ്പെട്ട മലയാളികളുടെ മൃതദേഹങ്ങള്‍ കേരളം ഏറ്റുവാങ്ങിയ ഇന്നലെ തന്നെയാണ് ലോകകേരള സഭയുടെയും ഉദ്ഘാടനം നടന്നത്. നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ കൂടിയായ എം.എ.യൂസഫലി അടക്കമുള്ള ഒരു വന്‍നിര സമ്മേളനത്തില്‍ പങ്കെടുത്തതുമില്ല. യൂസഫലി പങ്കെടുക്കാതിരിക്കാന്‍ കാരണം എതിര്‍പ്പല്ലെന്ന് ഉദ്ഘാടന പ്രസംഗത്തിനിടെ മുഖ്യമന്ത്രി തന്നെ വിശദീകരിച്ചിരുന്നു.
യുഡിഎഫ് സഭ ബഹിഷ്ക്കരിച്ചിരുന്നു. മന്ത്രിമാരും ഭരണപക്ഷ എംഎല്‍എമാരും നേതൃത്വം നല്‍കുന്ന ചര്‍ച്ചകളാണ് ഇന്നലെ നടത്തിയത്. സമ്മേളനത്തില്‍ പങ്കെടുക്കുന്ന അംഗങ്ങളുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മൂന്നുകോടി രൂപയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും ലോക കേരള സഭയ്ക്കായി ഇത്തവണ സര്‍ക്കാര്‍ അനുവദിച്ചത്. പതിവ് ചര്‍ച്ചകളല്ലാതെ പ്രവാസികളുടെ ഉന്നമനത്തിനുള്ള ഒന്നും കഴിഞ്ഞ മൂന്ന് സമ്മേളനങ്ങളിലും ഉണ്ടായില്ല എന്ന വിമര്‍ശനവും ശക്തമാണ്.
64 നിര്‍ദേശങ്ങളില്‍ വെറും മൂന്നെണ്ണം മാത്രമാണ് നടപ്പിലാക്കിയത്. സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി, കേരള മൈഗ്രേഷന്‍ സര്‍വേ എന്നിവ മാത്രമാണ് നടപ്പിലാക്കാന്‍ കഴിഞ്ഞത്.വിദേശത്തും കേരളത്തിലും സ്വന്തമായി സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ പ്രവാസികളെ പ്രോത്സാഹിപ്പിക്കാനാണ് സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി പദ്ധതി. പ്രവാസി മലയാളികൾക്ക് സംസ്ഥാന സർക്കാറിനു കീഴിലെ റവന്യൂ, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ നല്‍കുന്നതിനായാണ് ‘പ്രവാസി മിത്രം’ഓൺലൈൻ സംവിധാനം നടപ്പിലാക്കിയത്. കേരള മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ടുകള്‍ ലോകകേരള സഭയില്‍ അവതരിപ്പിക്കുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here