ലോക കേരളസഭയ്ക്കായി 2 കോടി; പ്രമേയങ്ങൾ പാസാക്കി പിരിയുന്ന പതിവ് മാമാങ്കം; ധവളപത്രം ഇറക്കണം എന്ന് കെപിസിസിയുടെ പ്രവാസി സംഘടന
തിരുവനന്തപുരം: പ്രവാസി മലയാളികൾക്ക് പ്രത്യേകിച്ച് ഗുണമൊന്നും ചെയ്യാത്ത ലോക കേരളസഭ എന്ന മാമാങ്കത്തിന് സർക്കാർ രണ്ട് കോടി അനുവദിച്ചു. ജൂൺ 13 മുതൽ 15 വരെയാണ് നാലാമത് ലോക കേരള സഭ നടക്കുന്നത്. എല്ലാ തവണത്തേയും പോലെ ഇപ്രാവശ്യവും കുറെ പ്രമേയങ്ങൾ പാസാക്കി പിരിയും എന്നതല്ലാതെ സംസ്ഥാനത്തിനോ പ്രവാസികൾക്കോ യാതൊരു പ്രയോജനവും കൈവരിക്കാനാവാത്ത ഉല്ലാസമേള മാത്രമായിട്ടാണ് ഈ സമ്മേളനത്തെ പ്രവാസ ലോകം കാണുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നായി 351 പേരാണ് ലോക കേരളസഭയിൽ പങ്കെടുക്കുന്നത്.
വികസന പ്രവർത്തനങ്ങൾ ഉൾപ്പടെ ദൈനം ദിന പ്രവർത്തനങ്ങൾക്കു പോലും പണം കണ്ടെത്താനാവാതെ സർക്കാർ നട്ടം തിരിയുമ്പോഴാണ് ഇത്തരം ധൂർത്തുകൾക്കായി പണം ചെലവഴിക്കുന്നത്. ഭക്ഷണത്തിന് 10 ലക്ഷവും താമസത്തിന് 25 ലക്ഷവും അനുവദിച്ചിട്ടുണ്ട്. വേദിയും വഴികളും അലങ്കരിക്കാൻ 35 ലക്ഷം, എയർ ടിക്കറ്റിന് 5 ലക്ഷം, പബ്ളിസിറ്റിക്ക് 5 ലക്ഷം, മറ്റ് ആവശ്യങ്ങൾക്ക് 20 ലക്ഷം എന്നിങ്ങനെ ലോക കേരളസഭയുടെ മീറ്റിംഗുമായി ബന്ധപ്പെട്ട ചെലവ് ഒരു കോടി രൂപയാണ്.ലോക കേരളസഭ സെക്രട്ടറിയേറ്റിന് 50 ലക്ഷവും അനുവദിച്ചി ട്ടുണ്ട്. ഇതിൽ 19 ലക്ഷം ഓഫിസ് ചെലവുകൾക്കാണ്. ലോക കേരളസഭയിലെ ശുപാർശകൾ നടപ്പിലാക്കാൻ 50 ലക്ഷമാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ പബ്ളിസിറ്റിക്ക് മാത്രം 15 ലക്ഷം അനുവദിച്ചിട്ടുണ്ട്.
സംസ്ഥാന ബജറ്റിൽ ലോക കേരളസഭക്കായി രണ്ടരക്കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ബില്ലുകൾ വരുന്ന മുറക്ക് ധനവകുപ്പ് അധിക ഫണ്ട് അനുവദിക്കുകയാണ് പതിവ്. ലോക കേരളസഭ കഴിഞ്ഞാൽ രണ്ട് മേഖല സമ്മേളനങ്ങൾ വിദേശത്ത് വച്ച് നടക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങളും വിദേശത്ത് നടക്കുന്ന മേഖല സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന പതിവുണ്ട്.
മൂന്ന് ലോക കേരളസഭ നടന്നെങ്കിലും പ്രവാസികൾക്ക് ഈ യോഗങ്ങൾ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. രണ്ട് വർഷം കൂടുമ്പോൾ മുറ തെറ്റാതെ നടക്കുന്ന ആചാരമായി ലോക കേരളസഭ മാറി. ഓരോ സമ്മേളനവും അവസാനിക്കുമ്പോൾ കുറെ വിവാദങ്ങൾ ഉണ്ടാവുന്നത് പതിവാണ്. കഴിഞ്ഞ സമ്മേളന കാലത്താണ് പുരാവസ്തു തട്ടിപ്പുവീരൻ മോൻസൻ മാവുങ്കലുമായി അടുപ്പമുള്ള അനിത പുല്ലയിൽ സമ്മേളന വേദിയിൽ പങ്കെടുത്തത്.
ലോക കേരളസഭയിൽ പ്രവാസികൾ വയ്ക്കുന്ന നിർദേശങ്ങൾ നടപ്പാക്കുന്നില്ലെന്ന വിമർശനത്തിനിടെയാണു നാലാം ലോക കേരളസഭ നടക്കുന്നത്. ലോക കേരളസഭയുടെ ഭാഗമായി മുഖ്യമന്ത്രിയും സംഘവും വിദേശരാജ്യങ്ങൾ സന്ദർശിച്ചു നടത്തിയ മേഖലാ സമ്മേളനങ്ങളും വിവാദത്തിലായിരുന്നു. കഴിഞ്ഞ ജൂണിൽ യുഎസിൽ സംഘടിപ്പിച്ച മേഖലാ സമ്മേളനത്തിൽ, മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാനും ഭക്ഷണം കഴിക്കാനും അവസരം നൽകുമെന്നു വാഗ്ദാനം നൽകി സ്പോൺസർഷിപ് പിരിച്ചതു വിവാദമായിരുന്നു. മേഖലാ സമ്മേളനത്തിന് 5.34 കോടി രൂപയാണു സംഘാടക സമിതിക്കു ചെലവു വന്നത്. പിന്നാലെ സൗദി മേഖലാ സമ്മേളനം നിശ്ചയിച്ചെങ്കിലും കേന്ദ്രം യാത്രാനുമതി നിഷേധിച്ചതിനാൽ പരിപാടി ഉപേക്ഷിച്ചിരുന്നു.
കഴിഞ്ഞ മൂന്ന് ലോക കേരള സഭകളിൽ ലഭിച്ച നിർദേശങ്ങളെക്കുറിച്ച് ധവള പത്രമിറക്കണമെന്ന് കെപിസിസിയുടെ പ്രവാസി സംഘടനയായ ഇൻകാസ് ഗ്ലോബൽ ആവശ്യപ്പെട്ടു. മൂന്ന് സമ്മേളനങ്ങളിലായി 280ലധികം പ്രമേയങ്ങൾ പാസാക്കിയെങ്കിലും എത്രയെണ്ണം നടപ്പാക്കിയെന്ന കണക്ക് പുറത്തുവിട്ടിട്ടില്ലെന്നാണ് ഇൻകാസിൻ്റെ ആക്ഷേപം. വരൾച്ച മൂലം 500 കോടി യുടെ നഷ്ടം കാർഷിക മേഖലക്ക് സംഭവിച്ചതായി കൃഷി വകുപ്പിൻ്റെ റിപ്പോർട്ടുകൾ പുറത്തു വന്ന അതേ ദിവസമാണ് ലോക കേരളസഭയ്ക്കായി ബജറ്റ് വിഹിതം അനുവദിച്ചതെന്ന പ്രത്യേകതയുമുണ്ട്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് മൂന്ന് ദിവസത്തെ മീറ്റിംഗുകൾ നടക്കുന്നത്. ഇത്തവണയും പ്രതിപക്ഷം പങ്കെടുക്കാനിടയില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here