ആരാണീ ബെഹ്റ? ഐപിഎസ് ഉദ്യോഗസ്ഥൻ എങ്ങനെ പാർട്ടികൾക്കിടയിൽ പാലമാകും? വിരമിച്ചിട്ടും കേരളത്തിൽ തുടരുന്ന ലോക്നാഥ് ബെഹ്റയുടെ കർമ്മപഥം കൊച്ചിമെട്രോയിൽ ഒതുങ്ങുമോ

ലോക്നാഥ് ബെഹ്റ ഐപിഎസ് എന്ന ഉദ്യോഗസ്ഥന്‍ ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിന് പിന്നില്‍ ബെഹ്റയാണെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണമാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്. സര്‍വ്വീസിലുണ്ടായിരുന്നപ്പോഴെല്ലാം ഭരിക്കുന്ന സര്‍ക്കാരുമായി ഏറെ അടുപ്പം സൂക്ഷിക്കുന്നതാണ് ബെഹ്റയുടെ പതിവ് രീതി. പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോഴാണ് ബെഹ്റ സംസ്ഥാന പോലീസ് മേധാവിയുടെ കസേരയിലെത്തിയത്. അവിടെ നിന്ന് വിരമിച്ചപ്പോള്‍ കൊച്ചി മെട്രോ എംഡിയായി പിണറായി കസേരയിട്ടിരുത്തി.

1985 കേഡർ ഐപിഎസ് ഓഫീസറായ ബെഹ്റ അന്വേഷണത്തിലും സംഘാടനത്തിലും മികവ് പുലര്‍ത്തുന്ന ഉദ്യോഗസ്ഥനായാണ് വിലയിരുത്തപ്പെടുന്നത്. കേരള പോലീസില്‍ എഎസ്പിയായാണ് തുടക്കം. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ കമ്മീഷണർ, വിജിലന്‍സ് ഡയറക്ടര്‍ ഇങ്ങനെ പടിപടിയായി ഉയര്‍ന്നാണ് പോലീസ് മേധാവി വരെയായത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി എത്തിയപ്പോള്‍ അന്നത്തെ പോലീസ് മേധാവിയായിരുന്ന ടി.പി.സെന്‍കുമാറിനെ ചവിട്ടിപുറത്താക്കി ബെഹ്റയെ ആ കസേരയില്‍ ഇരുത്തി. എന്നാല്‍ സെന്‍കുമാര്‍ കോടതിയില്‍ നിന്ന് അനുകൂല വിധി നേടി തിരികെയെത്തി. സെന്‍കുമാര്‍ വിരമിച്ചപ്പോള്‍ വീണ്ടും ബെഹ്റയെ തന്നെ ആ സ്ഥാനത്തേക്ക് പിണറായി മടക്കി കൊണ്ടുവന്നു. ഒപ്പം ചരിത്രത്തിലാദ്യമായി വിജിലന്‍സിന്റെ ചുമതല കൂടി കൊടുത്ത് പുതിയ കീഴ്വഴക്കമുണ്ടാക്കി. കേന്ദ്ര ഏജന്‍സികളിലും ബെഹ്റയുടെ ടച്ച് ഉണ്ടായി. ഏറെ വിവാദമായ കേസുകളാണ് കേന്ദ്ര ഏജന്‍സിയുടെ ഭാഗമായിരുന്ന് ബെഹ്റ കൈകാര്യം ചെയ്തത്.

സിബിഐയില്‍ എസ്പിയായാണ് ഡല്‍ഹിയിലെ പ്രവര്‍ത്തനം തുടങ്ങിയത്. ഹിന്ദുത്വവാദികള്‍ ചുട്ടുകൊന്ന ക്രിസ്ത്യന്‍ മിഷ്ണറി ഗ്രഹാം സ്‌റ്റൈനിന്റെ കൊലപാതകം, മുംബൈയിലെ ഭീകരാക്രമണം തുടങ്ങിയ വലിയ കേസുകളാണ് ബെഹ്റ അന്വേഷിച്ചത്. 2009ല്‍ എന്‍ഐഎ എന്ന ദേശീയ അന്വേഷണ ഏജന്‍സി രൂപീകരിച്ചപ്പോള്‍ തന്നെ ഓപ്പറേഷൻസ് മേധാവിയായി ബെഹ്റ ഉണ്ടായിരുന്നു. തീവ്രവാദികള്‍ക്കുള്ള സാമ്പത്തിക സഹായം അന്വേഷിക്കുന്ന എന്‍ഐഎയിലെ വിഭാഗത്തെ നയിച്ചതും ബെഹ്റയായിരുന്നു.

2004ല്‍ നടന്ന് അഹമ്മദാബാദ് വ്യാജ ഏറ്റുമുട്ടല്‍ കേസ് ബെഹ്റയ്ക്ക് നിര്‍ണായകമായിരുന്നു. മലയാളിയായ പ്രാണേഷ് കുമാര്‍ എന്ന ജാവേദ് ഗുലാം ഷെയ്ക്ക്, മുംബൈ സ്വദേശിനി ഇസ്രത്ത് ജഹാന്‍ എന്നിവരടക്കം 4 പേരെ ഗുജറാത്ത് പോലീസ് വെടിവച്ചു കൊല്ലുകയായിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ എത്തിയ തീവ്രവാദികള്‍ എന്നാരോപിച്ചായിരുന്നു പോലീസ് നടപടി. എന്നാല്‍ ഇതിനെതിരെ ഇസ്രത്ത് ജഹാന്റെ ബന്ധുക്കള്‍ കോടതിയെ സമീപിക്കുകയും 2009ല്‍ അഹമ്മദാബാദ് കോടതി വ്യാജ ഏറ്റുമുട്ടലാണെന്ന് വിധിക്കുകയും ചെയ്തു. ഇതോടെ മോദിയെയും ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷായെയും കോണ്‍ഗ്രസ് പ്രതിസ്ഥാനത്ത് നിര്‍ത്തി. എന്നാൽ പിന്നീട് ഈ കേസ് സിബിഐ അന്വേഷിക്കുകയും അമിത് ഷായുടെ പങ്കിന് തെളിവില്ലെന്ന് കണ്ടെത്തുകയും ചെയ്തു.

എന്‍ഐഎ ഈ കേസ് അന്വേഷിച്ചിരുന്നില്ല. എന്നാല്‍ മുംബൈ സ്‌ഫോടനക്കേസില്‍ അമേരിക്കയിൽ പിടിയിലായ ലഷ്‌കറെ തൊയ്ബ ഭീകരന്‍ ഡേവിഡ് ഹെഡ്ലിയെ അവിടെയെത്തി ചോദ്യംചെയ്യാൻ നിയോഗിക്കപ്പെട്ടത് ലോക്നാഥ് ബെഹ്റയായിരുന്നു. പ്രാണേഷ് കുമാറും ഇസ്രത്ത് ജഹാനും യഥാർത്ഥത്തിൽ തീവ്രവാദികൾ ആയിരുന്നെന്നും മോദിയെ വധിക്കാൻ അവർ നിയോഗിക്കപ്പെട്ടിരുന്നു എന്നുമുള്ള മൊഴിയുമായാണ് ബെഹ്റ തിരിച്ചെത്തിയത്. വ്യാജ ഏറ്റുമുട്ടൽ കേസിൻ്റെ പേരിൽ ബാക്കിനിന്ന പേരുദോഷം കൂടി കഴുകിയില്ലാതാക്കാൻ ഹെഡ്ലിയുടെ മൊഴിയടങ്ങിയ ബെഹ്റയുടെ റിപ്പോർട്ട് ഉപകരിച്ചുവെന്നത് സമീപകാല ചരിത്രം മാത്രമാണ്. അമിത്ഷായുടെ കരിയറിലും ഇത് ഏറെ നിര്‍ണ്ണായകമായിരുന്നു. ഇതെല്ലാം ചേർത്താണ് മോദി, അമിത് ഷാ സംഘത്തിൻ്റെയും പിണറായി വിജയൻ്റെയും ഇടയിലെ പാലമാണ് ബെഹ്റയെന്ന ആരോപണം പ്രതിപക്ഷം പലപ്പോഴും ഉയർത്തുന്നത്.

കേരളത്തിലും ബെഹ്റയെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ ഏറെയായിരുന്നു. ഏറ്റവും ഒടുവിലത്തേത് ആയിരുന്നു തട്ടിപ്പുകാരൻ മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിലെ സന്ദർശനം. വ്യാജ പുരാവസ്തുശേഖരത്തിൽ ഉൾപ്പെട്ട സിംഹാസനത്തിൽ ഡിജിപി ഇരിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചെങ്കിലും ഒരു പ്രസ്താവന കൊണ്ടുപോലും പ്രതികരിക്കേണ്ട സ്ഥിതി ബെഹ്റക്കുണ്ടായില്ല; ഭരണനേതൃത്വം അദ്ദേഹത്തെ തെല്ലും സംശയിച്ചുമില്ല. ഇപ്പോള്‍ പിണറായി വിജയനുമായി അടുത്തു നില്‍ക്കുന്നുവെങ്കിലും ഭരണത്തിലിരിക്കുന്നവരുടെ ഉറ്റതോഴനായി സ്ഥാനവലുപ്പം പരിഗണിക്കാതെ എല്ലായ്പ്പോഴും ബെഹ്റയുണ്ടായിരുന്നു എന്നതാണ് സത്യം. കൊച്ചി കമ്മിഷണറായിരുന്ന സമയത്ത് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനുമായി ഏറ്റവും അടുപ്പമുള്ള ഉദ്യോഗസ്ഥനായിരുന്നു ബെഹ്റ. മുഖ്യമന്ത്രിയുടെ വസതിയിലെ പതിവ് സന്ദര്‍ശകന്‍. ഇതിലൂടെയാണ് പത്മജയുമായും സൗഹൃദത്തിലായത്. ഇപ്പോഴും പത്മജയുമായി അതേ അടുപ്പം ബെഹ്റയ്ക്ക് ഉണ്ടെന്ന് പറഞ്ഞാണ് കെ.മുരളീധരന്‍ പുതിയ ആരോപണം ഉന്നയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top