പല്ല് പറിച്ച ലോകായുക്തയ്ക്കായി ഇനിയും കോടികള്‍ ചെലവാക്കണോ..? ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത് എട്ടര കോടി രൂപ; ശമ്പളം നല്‍കാന്‍ മാത്രം 7.15 കോടി

തിരുവനന്തപുരം : നിയമസഭ പാസാക്കിയ നിയമ ഭേദഗതിക്ക് രാഷ്ട്രപതി അനുമതി നല്‍കിയതോടെ ലോകായുക്തയെന്ന സംവിധാനം തന്നെ അപ്രസക്തമാവുകയാണ്. ലോകായുക്ത പരാമര്‍ശമുണ്ടായാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവയ്‌ക്കേണ്ടി വരുമെന്നതാണ് ലോകായുക്ത വിധികളെ പ്രസക്തമാക്കിയിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയ്‌ക്കെതിരായ വിധി നിയമസഭയ്ക്കും മന്ത്രിമാര്‍ക്കെതിരായത് മുഖ്യമന്ത്രിക്കും എംഎല്‍എമാര്‍ക്കെതിരായത് സ്പീക്കര്‍ക്കും പുനപരിശോധിക്കാമെന്ന നിയമഭേദഗതി നിലവില്‍ വന്നതോടെ ലോകായുക്തയെന്ന ജുഡീഷ്യല്‍ സംവിധാനത്തിനെ തന്നെ അപ്രസക്തമാക്കിയിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ കോടികള്‍ ചെലവഴിച്ച് ഇത്തരമൊരു സംവിധാനം തുടരണമോയെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ഉയരുന്നത്. ലോകായുക്തയുടേയും ഉപലോകായുക്തയുടേയും ശമ്പളം ജീവനക്കാരുടെ ശമ്പളം, യാത്രാ ചെലവ്, തുടങ്ങിയ ഇനങ്ങളില്‍ കോടികളാണ് വര്‍ഷാവര്‍ഷം സംസ്ഥാന ഖജനാവില്‍ നിന്നും ചെലവഴിക്കുന്നത്. ലോകായുക്തയ്ക്ക് മുന്നില്‍ സ്വാഭാവികമായും കേസുകള്‍ കുറയും. അതുകൊണ്ട് വിരമിച്ച ജഡ്ജിമാരെ കുടിയിരുത്താനുള്ള ഒരു സംവിധാനമായി മാറുന്നതിന് കോടികള്‍ ചെലവഴിക്കണമോയെന്ന ചോദ്യമാണ് ഉയരുന്നത്.
2024-25 ബജറ്റില്‍ 8.57 കോടി രൂപയാണ് ലോകായുക്തയ്ക്കായി നീക്കിവച്ചിരിക്കുന്നത്. ലോകായുക്തയുടെയും ഉപലോകായുക്തയുടെയും ശമ്പളത്തിന് മാത്രം 7.15 കോടി വകയിരുത്തിയിട്ടുണ്ട്. 87.79 ലക്ഷമാണ് സ്റ്റാഫിന്റെ ശമ്പള ചെലവ്. യാത്രപ്പടിക്ക് 11.30 ലക്ഷവും, ഓഫിസ് ചെലവുകള്‍ക്ക് 19.09 ലക്ഷവും, വാഹനത്തിന്റെ അറ്റകുറ്റ പണിക്ക് 4.58 ലക്ഷവും, ഇന്ധനത്തിന് 12.40 ലക്ഷവും, മറ്റ് ചെലവുകള്‍ക്ക് 3 ലക്ഷവുമാണ് ബജറ്റ് വകയിരുത്തല്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here