ലോകായുക്ത പിരിച്ചു വിടണം; പ്രസക്തി നഷ്ടപ്പെട്ടെന്ന് മുൻ ഉപലോകായുക്ത

തിരുവനന്തപുരം: ലോകായുക്തയുടെ പ്രസക്തി നഷ്ടമായെന്ന് മുൻ ഉപലോകായുക്ത കെ.പി.ബാലചന്ദ്രൻ. ജനങ്ങൾക്ക് ലോകായുക്തയിൽ വിശ്വാസം നഷ്ടപ്പെട്ടു. എന്നിട്ടും ഭീമമായ തുക ചിലവാക്കി ഇങ്ങനെയൊരു സ്ഥാപനം സർക്കാർ നടത്തുന്നുണ്ട്. ഫലപ്രദമല്ലാത്ത സംവിധാനം പിരിച്ചു വിടുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിനിയോഗം സംബന്ധിച്ച് കൃത്യമായ മാർഗരേഖയുണ്ട്. ഈ ചട്ടങ്ങൾ ലംഘിച്ചാണ് അന്തരിച്ച മുൻ ചെങ്ങന്നൂർ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ കുടുംബത്തിന് ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിച്ചത്. ഇത്തരം അഴിമതികൾ തുടരുകയാണ്. അത്കൊണ്ട് തന്നെ ജനങ്ങൾക്ക് ലോകായുക്തയിൽ ഇപ്പോൾ വിശ്വാസമില്ല. ദുരിതാശ്വാസ നിധിയിലെ തുക വകമാറ്റിയെന്ന മുഖ്യമന്ത്രിക്കെതിരായ കേസ് ഇക്കഴിഞ്ഞ ദിവസം ലോകായുക്ത തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലോകായുക്ത ദിനമായ നവംബർ 15ന് ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ ലോകായുക്‌തക്കെതിരെ ജസ്റ്റിസ് കെ.പി ബാലചന്ദ്രൻ തുറന്നടിച്ചത്. നീതിനിർവഹണ സ്ഥാപനങ്ങളുടെ നടത്തിപ്പിൽ സർക്കാർ ഇടപെടുന്നത് നാശത്തിന് ഇടയാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ആദ്യ കാലങ്ങളിൽ അഴിമതിക്ക് എതിരെ പ്രവർത്തിക്കുന്ന സ്ഥാപനം എന്ന നിലയിൽ ലോകായുക്ത ജനങ്ങളുടെ വിശ്വാസ്യത നേടിയിരുന്നു. പരാതി രജിസ്റ്റർ ചെയ്യാൻ എളുപ്പമായതിനാൽ ധാരാളം പരാതികളും ലഭിച്ചിരുന്നു. കൂടാതെ ലോകായുക്ത സ്വമേധയാ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു. എന്നാൽ മന്ത്രിസഭാ തീരുമാനങ്ങളിൽ വരെ ഇടപെടാൻ ലോകായുക്തക്ക് അധികാരമുണ്ടെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് മനസിലായതിനു ശേഷം സ്ഥിതി മാറിയെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയാകാൻ യോഗ്യനല്ലെന്ന ലോകായുക്തയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മുൻ മന്ത്രി കെ.ടി ജലീൽ രാജിവച്ചതിന് ശേഷം ലോകായുക്‌തയുടെ അധികാരങ്ങൾ ഭേദഗതി ചെയ്തു. ലോകായുക്തക്ക് ശുപാർശ ചെയ്യാനുള്ള അനുമതി മാത്രമേയുള്ളൂ എന്നും എന്നാൽ അതല്ല ഉത്തരവ് ഇറക്കാനും അധികാരമുണ്ടെന്നും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. നീതിന്യായ വ്യവസ്ഥയിൽ സർക്കാർ ഇടപെടുന്നത് പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്നും കെ.പി.ബാലചന്ദ്രൻ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top