സർക്കാരിന് നിർണായകം; ‘ദുരിതാശ്വാസ നിധി ദുർവിനിയോഗത്തിൽ’ ലോകായുക്ത വിധി നാളെ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന ഹര്‍ജിയില്‍ ലോകായുക്ത നാളെ വിധി പറയും. മുഖ്യമന്ത്രി പിണറായി വിജയനെയും 18 മന്ത്രിമാരെയും എതിർ കക്ഷികളാക്കി ആർ.എസ്. ശശികുമാറാണ് ഹർജി നൽകിയിരിക്കുന്നത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റിസ് ഹരുൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരുൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് വിധി പറയുന്നത്.
ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പുറപ്പെടുവിക്കാത്തതിനെ തുടർന്ന് പരാതിക്കാരനായ ആർ.എസ്. ശശികുമാർ ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരുന്നു. തുടർന്ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് പരാതിയിൽ തീരുമാനമെടുക്കുന്നത് മൂന്നംഗ ബെഞ്ചിന് വിട്ടു. വിധിന്യായം പ്രഖ്യാപിക്കുന്നതിൽ ലോകയുക്തമാരിലുണ്ടായ അഭിപ്രായ ഭിന്നതമൂലമാണ് ഹര്‍ജി വിശാല ബെഞ്ചിന് വിട്ടത്. 2019ൽ ലോകായുക്തയുടെ ഫുൾ ബെഞ്ച് വിശദമായ വാദങ്ങൾക്ക് ശേഷം പരാതിയുടെ സാധുത പരിശോധിച്ച ശേഷമാണ് പരാതിയിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.
അതിനിടെ ഹർജിയിൽ വാദം കേട്ട രണ്ട് ഉപലോകയുക്തമാർ, ദുരിതാശ്വാസനിധി ദുർവിനിയോഗ പരാതിയിലുൾപ്പെട്ട അന്തരിച്ച ചെങ്ങന്നൂർ എംഎൽഎ
രാമചന്ദ്രൻ നായരുടെ ജീവചരിത്രം പ്രകാശനം ചെയ്യുകയും അദ്ദേഹത്തെക്കുറിച്ച് ഓർമക്കുറിപ്പ് എഴുതുകയും ചെയ്തത് വിവാദമായി. തുടർന്ന് ഈ ജഡ്ജിമാരിൽ നിന്നും നിന്നും നിഷ്പക്ഷമായ വിധി ന്യായം പ്രതീക്ഷിക്കാനാവില്ലെന്നും അതുകൊണ്ട് വിധി പറയുന്നതിൽ നിന്നും രണ്ട് ഉപലോകയുക്തമാരും ഒഴിയണമെന്നും ആവശ്യപ്പെട്ട് ഹർജിക്കാരൻ രണ്ട് മാസം മുമ്പ് ലോകയുക്തയിൽ ഫയൽ ചെയ്ത ഇടക്കാല ഹർജിയും നാളെ കോടതി പരിഗണിക്കും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനധികൃതമായി രാഷ്ട്രീയക്കാർക്ക് പണം അനുവദിച്ചെന്ന പരാതിയിലാണ് കേസ്. മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാർക്കുമെതിരെയാണ് ആർ.എസ്. ശശികുമാർ ഹര്‍ജി നൽകിയത്. കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച പോലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷവും അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും അന്തരിച്ച ചെങ്ങന്നൂർർ എംഎൽഎ കെ.കെ. രാമചന്ദ്രൻ നായരുടെ കുടുംബത്തിന് എട്ടര ലക്ഷം രൂപയും നൽകിയത് ചോദ്യം ചെയ്താണ് ഹർജി.
അതേസമയം, ലോകായുക്ത നിയമഭേദഗതി ബില്ലിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. അതിനാൽ വിധി സർക്കാരിന് നിർണായകമാണ്. 2018 ലാണ് ഹർജി ഫയൽ ചെയ്തത്. കേസിൽ ലോകായുക്തയ്ക്കും ഉപലോകായുക്തയും ഉൾപ്പെട്ട ഭിന്ന അഭിപ്രായം വന്നതോടെ ഈ വർഷം മാർച്ച് 31ന് വിധി പറയാതെ ഫുൾ ബെഞ്ചിന് (മൂന്നംഗ ബെഞ്ചിന്) വിടുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here