രജനികാന്തിന്റെ ‘കൂലി’ക്ക് ക്യാമറ ഗിരീഷ് ഗംഗാധരന്‍; ‘വിക്രം’ പോലെ വീണ്ടും ദൃശ്യവിസ്മയം
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്ത്-ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കൂലി. ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസില്‍ ഒരു പ്രധാന വേഷത്തിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തേ അറിയിച്ചിരുന്നു. കൂലിക്കു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് മലയാളിയായ ഗിരീഷ് ഗംഗാധരനായിരിക്കും എന്നതാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്.
രണ്ടാം തവണയാണ് ലോകേഷ് കനകരാജ് ചിത്രത്തിനു വേണ്ടി ഗിരീഷ് ഗംഗാധരന്‍ ഫ്രെയിമുകള്‍ ഒരുക്കുന്നത്. കമല്‍ ഹാസന്‍, സൂര്യ, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ലോകേഷ് കനകരാജിന്റെ വിക്രം എന്ന ചിത്രത്തിന്റെയും ക്യാമറ കൈകാര്യം ചെയ്തത് ഗിരീഷ് ആയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഈ വാര്‍ത്ത പുറത്തുവിട്ടത്.
“ഒരിക്കല്‍ കൂടി നിങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ സന്തോഷം മച്ചി. അഭിനേതാക്കളുടെ വിവരങ്ങള്‍ സംബന്ധിച്ച കൂടുതല്‍ അപ്‌ഡേറ്റുകള്‍ ഉടന്‍,” എന്നാണ് ലോകേഷ് കുറിച്ചത്.
അതേസമയം, ശോഭന, ശ്രുതിഹാസന്‍, സത്യരാജ് എന്നിവര്‍ കൂലിയുടെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ദുബായ്, യുഎസ്എ, സിംഗപ്പൂര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സ്വര്‍ണക്കടത്തിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here