ലോക്‌സഭാ സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിക്കാന്‍ ബിജെപി; ലക്ഷ്യം 400 സീറ്റുകള്‍

ഡല്‍ഹി : ലോക്‌സഭാ സ്ഥാനാര്‍ഥികളെ ബിജെപി നേരത്തെ പ്രഖ്യാപിച്ചേക്കും. ഈ മാസം 15-ന് മകരസംക്രാന്തി ആഘോഷങ്ങള്‍ക്കുശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങള്‍ക്ക് തുടക്കമിടാനാണ് ആലോചന. തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുംമുമ്പു തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മേൽക്കൈ നേടുകയാണ് തന്ത്രം. 400 സീറ്റാണ് ലക്ഷ്യമിടുന്നത്. ‘തീസരി ബാര്‍ മോദി സര്‍ക്കാര്‍, അബ് കി ബാര്‍ 400 പാര്‍’ ആണ് മുദ്രാവാക്യം.

രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച രീതി പിന്തുടരുകയാണ് ലക്ഷ്യമിടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളിലേതിന് സമാനമായ രീതിയില്‍ കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ള രാജ്യസഭാംഗങ്ങള്‍ മത്സരത്തിനിറങ്ങും.

ഉള്‍പ്പാര്‍ട്ടിപ്രശ്നങ്ങള്‍, ഭരണവിരുദ്ധവികാരം, പ്രാദേശികപ്രശ്നങ്ങള്‍, സിറ്റിങ് എം.പി.മാര്‍ക്കെതിരേയുള്ള വികാരം എന്നിവ നേരിടുന്ന സംസ്ഥാനങ്ങളില്‍ പുതുമുഖങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. രണ്ടിൽ കൂടുതൽ തവണ എംപിയായവര്‍, പ്രകടനം മികച്ചതല്ലാത്തവര്‍ തുടങ്ങിയവരെ ഒഴിവാക്കും. സ്ത്രീകള്‍, യുവാക്കള്‍ എന്നിവര്‍ക്ക് പ്രാമുഖ്യം നല്‍കും.

ഇക്കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പുകളില്‍ സ്ത്രീകളും യുവാക്കളും കാര്യമായി പിന്തുണച്ചെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. വനിതാസംവരണനിയമം, വനിതകള്‍ക്കുള്ള ക്ഷേമപദ്ധതികള്‍, മുത്തലാഖ് നിരോധനം തുടങ്ങിയ നടപടികള്‍ സ്ത്രീ വോട്ടര്‍മാരെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍. സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍, പാവപ്പെട്ടവര്‍ എന്നിവരെ പ്രത്യേകം പരിഗണിക്കണമെന്ന് കഴിഞ്ഞയാഴ്ച ചേര്‍ന്ന പാർട്ടി ദേശീയ ഭാരവാഹികളുടെ യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top